കൊച്ചി: സംസ്ഥാനത്ത് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത ചമച്ചുവെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയും ഓഫീസിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്ത സംഭവത്തിൽ എട്ട് എസ്എഫ്‌ഐ പ്രവർത്തകരെക്കൂടി അറസ്റ്റ് ചെയ്തു. പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെത്തി വൈകിട്ടോടെ ഇവർ കീഴടങ്ങുകയായിരുന്നു.
എസ്എഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറി അർജ്ജുൻ ബാബു അടക്കമുളളവരാണ് അറസ്റ്റിലായത്. കേസെടുത്തതോടെ രണ്ട് ദിവസമായി ഒളിവിലായിരുന്നു അർജ്ജുൻ ബാബു. ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം 16 ആയി. അന്യായമായ സംഘം ചേരൽ, അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
കഴിഞ്ഞ ദിവസമാണ് രാത്രി എട്ട് മണിയോട് കൂടി മുപ്പതോളം വരുന്ന എസ്എഫ്‌ഐ പ്രവർത്തകർ ഏഷ്യാനെറ്റ് ഓഫീസിനുളളിലേക്ക് കടന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും പ്രവർത്തനം തടസപ്പെടുത്തുകയും ചെയ്തത്. ഓഫീസ് പരിസരത്ത് അധിക്ഷേപ ബാനർ പതിക്കുകയും ചെയ്തു. ജനാധിപത്യരീതിയിൽ പ്രതിഷേധിക്കാനുളള അവകാശങ്ങളെ ദുരുപയോഗം ചെയ്യുകയാണ് എസ്എഫ്‌ഐ ചെയ്തതെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.
സംഭവത്തിൽ ഏഷ്യാനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റർ അഭിലാഷ് ജി നായർ പാലാരിവട്ടം സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
Discussion about this post