തൃശൂർ: നടൻ ജയറാമിന്റെ കൃഷിതോട്ടത്തിൽ നൂറുമേനി വിളവെടുപ്പ്. തക്കാളി മുതൽ വെളളരിയും മത്തനും വരെയുളള പച്ചക്കറികളാണ് താരം തോട്ടത്തിൽ നിന്ന് വിളവെടുത്തത്. ഇതിന്റെ വീഡിയോ ജയറാം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
മനസിനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലെ മറക്കുടയാൽ മുഖം മറയ്ക്കും എന്ന പാട്ടിന്റെ വരികൾക്കൊപ്പമാണ് ജയറാം വിളവെടുപ്പ് വീഡിയോ പങ്കുവെച്ചത്. നിമിഷങ്ങൾക്കുളളിൽ ആരാധകർ വീഡിയോ ഏറ്റെടുത്തു. രണ്ട് മണിക്കൂർ പിന്നിടുമ്പോൾ 50,000 ത്തിലധികം ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.
ജയറാമേട്ടാ, നിങ്ങൾ ഒരേ പൊളിയാണ് എന്ന് തുടങ്ങി നിരവധി കമന്റുകളുമുണ്ട്. നടനിൽ ഒതുങ്ങാതെ ചെണ്ടക്കാരനായും ആനപ്രേമിയായും കർഷകനായുമൊക്കെയുളള ജയറാമിന്റെ പകർന്നാട്ടവും ചിലർ സൂചിപ്പിക്കുന്നു. പാട്ട് കേട്ടപ്പോൾ ആ സിനിമയിലെ സീനുകളെക്കുറിച്ചാണ് ഓർമ്മ വന്നതെന്നും ചിലർ കുറിച്ചു.
തക്കാളി, വെളളരി, മത്തൻ, കോവയ്ക്ക, വഴുതന, ഏത്തക്കുല തുടങ്ങിയ പച്ചക്കറികളാണ് ജയറാം തോട്ടത്തിൽ നിന്ന് വിളവെടുത്തത്. ജയറാമിന്റെ കൃഷിതാൽപര്യം നേരത്തെയും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. പെരുമ്പാവൂർ തോട്ടുവയിൽ തറവാടിന് അടുത്ത് പാരമ്പര്യസ്വത്തായി ലഭിച്ച ആറേക്കർ സ്ഥലത്ത് ജയറാം നടത്തുന്ന പശുഫാം നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. പത്ത് വർഷം മുൻപ് അഞ്ച് പശുക്കളുമായി തുടങ്ങിയ ഫാമിൽ ഇപ്പോൾ അറുപതിലധികം പശുക്കളാണുളളത്. ജയറാമിന്റെ കാർഷികരംഗത്തെ ഇടപെടൽ പരിഗണിച്ച് സംസ്ഥാന സർക്കാർ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു.
Discussion about this post