കണ്ണൂർ: വയനാട് ഉപതെരഞ്ഞെടുപ്പ് നടന്നാൽ സിപിഎം ഉൾപ്പടെയുളള പാർട്ടികൾ പിന്തുണയ്ക്കണമെന്ന കെ സുധാകരന്റെ പ്രസ്താവന ചോദ്യം ചെയ്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. രാഹുലിനെതിരായ നടപടി കെപിസിസി പ്രസിഡന്റ് അംഗീകരിച്ചതിന്റെ വ്യക്തതയാണ് സുധാകരന്റെ അഭിപ്രായമെന്ന് എം.വി ജയരാജൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ജയരാജന്റെ പ്രതികരണം.
രാഹുലിനെതിരായ നടപടിക്കെതിരെ ദേശീയതലത്തിലും കേരളത്തിലും സിപിഎം കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് എംവി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോൺഗ്രസ് നേതാവായ വയനാട് എംപിയെ അയോഗ്യനാക്കിയിട്ട്, കേരളത്തിൽ ശരിയാംവണ്ണം ഒരു പ്രതിഷേധംപോലും ഉയർത്താൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്ന് എംവി ജയരാജൻ വിമർശിക്കുന്നു.
വയനാട് 4 പേർ ചേർന്ന് നടത്തിയ പ്രതിഷേധം ആര് മുന്നിൽ നിൽക്കണമെന്ന തർക്കത്തിൽ സ്വയം അടിച്ചു പിരിയുകയും ചെയ്തു. ദില്ലിയിൽ നടന്ന പ്രതിഷേധത്തിൽ സിപിഎം എംപി ഉൾപ്പടെ അറസ്റ്റ് വരിച്ചപ്പോൾ, കേരളത്തിലെ പല കോൺഗ്രസ് എംപിമാരും വീട്ടിലേക്കോടിയെന്നും ജയരാജൻ പരിഹസിക്കുന്നു. മതനിരപേക്ഷ – ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ നട്ടെല്ലില്ലാത്ത നിലപാടാണ് കോൺഗ്രസിനുള്ളതെന്നും ജയരാജൻ വിമർശിക്കുന്നു.
വയനാട്ടിൽ തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്ന കെപിസിസി പ്രസിഡന്റ്, രാഹുൽ ഗാന്ധിയ്‌ക്കെതിരായ ജനാധിപത്യ വിരുദ്ധനടപടിയുടെ സാഹചര്യത്തിൽ, ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കണം എന്ന ആവശ്യവുമായി ഉയർന്നുവന്ന പ്രതിഷേധങ്ങളെക്കൂടിയാണ് ഫലത്തിൽ ദുർബലപ്പെടുത്തുന്നതെന്നും ജയരാജൻ കുറ്റപ്പെടുത്തുന്നു.
കോടതി വിധി പ്രസ്താവിച്ച കേസിന്റെ തുടർനടപടികളുടെ ഭാഗമായിട്ടാണ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം ലോക്‌സഭാ സെക്രട്ടറിയേറ്റ് അസാധുവാക്കിയത്. രണ്ട് വർഷമോ അതിൽ കൂടുതൽ കാലയളവോ ഒരു കേസിൽ ശിക്ഷ ലഭിച്ചാൽ പാർലമെന്റ് അംഗത്വം തൽക്ഷണം റദ്ദാകുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. ഇതനുസരിച്ചായിരുന്നു നടപടി. എന്നാൽ ഇത് കേന്ദ്രസർക്കാരും ബിജെപിയും ചെയ്തതാണെന്ന തരത്തിലാണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രചാരണം. ദേശീയതലത്തിൽ കോൺഗ്രസും സിപിഎമ്മും സംയുക്ത പ്രതിഷേധങ്ങൾക്കായുളള നീക്കത്തിലുമാണ്. കോൺഗ്രസുമായി കൈകോർക്കേണ്ടി വരുന്നതിലെ ജാള്യതയിലാണ് കേരളത്തിലെ സിപിഎം അണികൾ. ഇതിനിടയിലാണ് മുഖം രക്ഷിക്കാനായി എംവി ജയരാജന്റെ പ്രസ്താവന.
Discussion about this post