കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മുൻ സിപിഎം നേതാവ് ചന്ദ്രോത്ത് ദീപക് നിലവിൽ മയക്കുമരുന്ന് കേസിൽ ജയിലിലാണ്. കേസിലെ എൺപത്തിയെട്ടാം പ്രതിയാണ് ഇയാൾ. ബ്രൗൺ ഷുഗർ കേസിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് ഇയാൾ തടവിൽ കഴിയുന്നത്.
സിപിഎം ബ്രാഞ്ച് സെക്രട്ടറി ചെറുകുന്ന് പറമ്പത്ത് ബിജുവും ഉമ്മൻ ചാണ്ടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ്. തൊണ്ണൂറ്റിയൊൻപതാം പ്രതിയാണ് ഇയാൾ. കേസിലെ പതിനെട്ടാം പ്രതിയാണ് മുൻ സിപിഎം നേതാവ് സി ഒ ടി നസീർ.
കേസിൽ ദീപക് ചാലാടിന് 3 വർഷം തടവും 25,000 രൂപ പിഴയുമാണ് കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതി വിധിച്ചത്. മറ്റ് രണ്ട് പ്രതികൾക്കും 2 വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ.
2013 ഒക്ടോബർ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. പോലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ കണ്ണൂർ എത്തിയപ്പോഴായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയ്ക്ക് നേരെ കല്ലേറുണ്ടായത്. ഉമ്മൻ ചാണ്ടി സഞ്ചരിച്ച കാറിന് നേരെ സിപിഎം, ഡി വൈ എഫ് ഐ പ്രവർത്തകർ കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ കാറിന്റെ ചില്ല് തകർന്ന് അദ്ദേഹത്തിന്റെ തലയ്ക്കും നെഞ്ചിലും പരിക്കേറ്റു.
ഉമ്മൻ ചാണ്ടിയെ എറിയാൻ ഉപയോഗിച്ച കല്ല് ഉൾപ്പെടെ 19 തൊണ്ടിമുതലുകൾ പരിശോധിച്ചായിരുന്നു കോടതി ശിക്ഷ വിധിച്ചത്. കേസിലെ 258 സാക്ഷികളിൽ 128 പേരെ കോടതി വിസ്തരിച്ചു. സംഘം ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചതിനായിരുന്നു പോലീസ് കേസെടുത്തത്.
Discussion about this post