മാഹി: പാവങ്ങൾക്ക് പെൻഷൻ നൽകാനെന്ന പേരിൽ പെട്രോളിനും ഡീസലിനും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ രണ്ട് രൂപയുടെ അധിക ഇന്ധന സെസ് പ്രാബല്യത്തിൽ വന്നതോടെ സംസ്ഥാനത്ത് ഇന്ധന വിലവർദ്ധനവ് നിലവിൽ വന്നു. ഇതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ പെട്രോളിന് 14 രൂപ അധികം ഈടാക്കിയാണ് വിൽപ്പന നടത്തുന്നത്. കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലേക്ക് കണ്ണൂരിൽ നിന്നും നിരവധി പേരാണ് പെട്രോൾ അടിക്കാനായി എത്തുന്നത്.
മാഹിയിൽ ഒരു ലിറ്റർ പെട്രോളിന് 93.80 രൂപയാണ് ഇന്നത്തെ വില. എന്നാൽ തൊട്ടടുത്ത് കണ്ണൂരിലെ തലശ്ശേരിയിൽ എത്തുമ്പോൾ വില 108. 91രൂപയാണ്. കൃത്യമായി പറഞ്ഞാൽ മാഹിയിലേതിനേക്കാൾ 14.40 രൂപ കൂടുതലാണ് കണ്ണൂരിൽ ഒരു ലിറ്റർ പെട്രോളിന്. ഒരു ലിറ്റർ ഡീസലിന് മാഹിയിൽ 83.72 രൂപയാണ് ഇന്നത്തെ വില. തലശ്ശേരിയിൽ വരുമ്പോൾ ഇത് 97.12 രൂപയാകുന്നു. ഇവിടെ വ്യത്യാസം 13.40 രൂപയുടേതാണ്. 100 ലിറ്റർ ഡീസൽ അടിക്കുന്ന ഒരു വാഹനത്തിന് കേരളത്തിലെ നഷ്ടം 1400 രൂപയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്ത് നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും നിരവധി പേരാണ് വാഹനങ്ങളിൽ മാഹിയിലെത്തി ഇന്ധനം നിറച്ച് മടങ്ങുന്നത്. എന്ത് പുണ്യപ്രവൃത്തിയുടെ പേരിലായാലും നികുതി കൂടിയ ‘കെ-പെട്രോൾ‘ തങ്ങൾക്ക് വേണ്ടെന്നാണ് ഇവരിൽ പലരും പറയുന്നത്. ദീർഘദൂര ബസുകളും ലോറികളും ചരക്ക് വാഹനങ്ങളുമെല്ലാം മാഹിയിലെ പമ്പുകളിൽ തിക്കി തിരക്കുകയാണ്. 40 മുതൽ 50 കിലോ ലിറ്റർ ഇന്ധനം വിൽക്കുന്ന മാഹിയിൽ ഒറ്റ ദിവസം കൊണ്ട് ഇരുപത് ശതമാനം വിൽപ്പനയാണ് കൂടിയിരിക്കുന്നത്.
ഇന്ധന വിലവർദ്ധനവ് നിലവിൽ വന്നതോടെ, മാഹിയിൽ നിന്നും കേരളത്തിലേക്ക് ഇന്ധനക്കടത്ത് വർദ്ധിക്കാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നുണ്ട്. ഒരു ടാങ്കർ ഇന്ധനം കടത്തിയാൽ ശരാശരി ഒരുലക്ഷത്തി ഇരുപതിനായിരം രൂപ ലാഭമുണ്ടാക്കാം എന്ന കണക്കുകൂട്ടലാണ് ഇന്ധനക്കടത്തുകാരെ പ്രലോഭിപ്പിക്കുന്നത്.
Discussion about this post