ന്യൂഡൽഹി: ആക്ഷേപ ഹാസ്യങ്ങൾക്കും സാമൂഹിക വിമർശനങ്ങൾക്കും വർത്തമാനകാല രാഷ്ട്രീയത്തെ നന്നാക്കാനാകില്ലെന്ന് നടനും എഴുത്തുകാരനും സംവിധായകനുമായ ശ്രീനിവാസൻ. രാഷ്ട്രീയം എല്ലാ സീമകൾക്കും അപ്പുറത്തേക്ക് വളർന്നിരിക്കുന്നു. വർത്തമാനകാല രാഷ്ട്രീയത്തിൽ ‘സന്ദേശം‘ പോലെ ഒരു സിനിമക്ക് ഒരു ചുക്കും ചെയ്യാനില്ലെന്ന് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞു.
തന്റെ അച്ഛൻ ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു. സഹോദരനും കമ്മ്യൂണിസ്റ്റ് ആയിരുന്നു. കുട്ടിക്കാലത്ത് അവർക്കൊപ്പം ചുവന്ന കൊടിയും പിടിച്ച് താനും നടന്നിരുന്നു. അങ്ങനെ താനും ഒരു കമ്മ്യൂണിസ്റ്റ് ആയെന്ന് ശ്രീനിവാസൻ പറഞ്ഞു.
അമ്മയുടെ കുടുംബത്തിൽ എല്ലാവരും കോൺഗ്രസുകാർ ആയിരുന്നു. അവരുടെ സ്വാധീനം കാരണം കോളേജ് പഠനകാലത്ത് താൻ കെ എസ് യു പ്രവർത്തകനായെന്നും ശ്രീനിവാസൻ വെളിപ്പെടുത്തി.
പിന്നീട് താൻ എബിവിപി പ്രവർത്തകനായി. ഒരു കൂട്ടുകാരന്റെ സ്വാധീനത്തിൽ വഴങ്ങിയായിരുന്നു അത്. സ്വന്തം ഗ്രാമത്തിലൂടെ ആദ്യമായി രാഖിയും കെട്ടി നടന്നത് താനാണ്. ആപാദചൂഢം കമ്മ്യൂണിസ്റ്റുകാരനായ ഒരാളുടെ മകൻ രാഖിയും കെട്ടി പാർട്ടി ഗ്രാമത്തിലൂടെ നടക്കുന്നത് കണ്ട ആളുകൾ മൂക്കത്ത് വിരൽ വെച്ചു. എന്റെ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കളിൽ ഒരാൾ രാഖി പൊട്ടിക്കാൻ ശ്രമിച്ചു. ഇതിൽ തൊട്ടാൽ നിന്നെ ഞാൻ തട്ടുമെന്ന് അവനോട് ഞാൻ പറഞ്ഞു. സ്വതസിദ്ധമായ ശൈലിയിൽ ശ്രീനിവാസൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനുമായി ഊഷ്മളമായ ഒരു ബന്ധമുണ്ടായിരുന്നു. എന്നാൽ അധികാരം എല്ലാവരെയും ദുഷിപ്പിക്കും. എല്ലാ രാഷ്ട്രീയക്കാരും ഒരേ പോലെയാണെന്ന് താൻ ഇപ്പോൾ തിരിച്ചറിയുന്നുവെന്നും ശ്രീനിവാസൻ വ്യക്തമാക്കി.
കൂടുതൽ വോട്ട് നേടിയ സർദാർ പട്ടേലിന്റെ സ്ഥാനം തട്ടിയെടുത്ത് പ്രധാനമന്ത്രിയായ ആളാണ് നെഹ്രു. ഇന്ത്യയിലെ രാഷ്ട്രീയ വഞ്ചന അവിടം മുതലേ ആരംഭിച്ചതാണെന്നും ശ്രീനിവാസൻ പരിഹസിച്ചു. നരേന്ദ്ര മോദിയെ വിലയിരുത്താൻ തനിക്ക് ഇനിയും സമയമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൈവകൃഷിയിൽ തനിക്ക് ധാരാളം പണം നഷ്ടമായി. എന്നാലും ഇപ്പോഴും ജൈവകൃഷി തന്നെയാണ് ശരിയായ മാർഗം എന്ന് താൻ വിശ്വസിക്കുന്നു. ഇംഗ്ലീഷ് മരുന്നുകളെ താൻ വിമർശിച്ചു എന്ന് പറയുന്നത് അസംബന്ധമാണ്. വളരെ വേഗം പുരോഗതി പ്രാപിക്കുന്ന ഒരു മേഖലയാണ് അതെന്നും ശ്രീനിവാസൻ പറഞ്ഞു.
Discussion about this post