കോഴിക്കോട്; എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് നേരിയ പൊള്ളൽ മാത്രം. ഇയാളുടെ ശരീരത്തിലുണ്ടായ മുറിവുകൾ ട്രെയിനിൽ നിന്ന് ചാടിയപ്പോൾ സംഭവിച്ചതാണെന്നാണ് ഫൊറൻസിക് വിദഗ്ധർ പറയുന്നത്. ഇരു കൈകളിലും ചെറിയ പൊള്ളലുണ്ട്. ഇത് ആക്രമണം നടത്തിയപ്പോൾ സംഭവിച്ചതാകാം. ശരീരത്തിലെ മുറിവുകൾക്ക് നാല് ദിവസം മാത്രം പഴക്കമാണുള്ളതെന്നും ഫൊറൻസിക് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഷാറൂഖിനെ ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. കരളിന്റെ പ്രവർത്തനത്തിൽ ചെറിയ പ്രശ്‌നങ്ങളുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. രക്ത പരിശോധനയിൽ ഉണ്ടായ സംശയങ്ങളെ തുടർന്നാണ് പ്രതിക്ക് വിശദ പരിശോധന നടത്തിയത്. അതേസമയം ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ മേടിച്ച ശേഷം ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും.
നിലവിൽ പരസ്പരവിരുദ്ധമായ മൊഴികളാണ് ഷാറൂഖ് സെയ്ഫി നൽകുന്നത്. തനിക്ക് പ്രേരണയായത് മറ്റൊരാൾ നൽകിയ ഉപദേശമാണെന്നാണ് അറസ്റ്റിലായതിന് പിന്നാലെ ഇയാൾ മഹാരാഷ്ട്ര എടിഎസിനോട് പറഞ്ഞത്. എന്നാൽ തന്റെ കുബുദ്ധിയാണ് എല്ലാത്തിനും കാരണമെന്നാണ് കേരള പോലീസിനോട് വ്യക്തമാക്കിയത്. മഹാരാഷ്ട്ര എടിഎസിന് നൽകിയ മൊഴിയെ കുറിച്ച് തുടർച്ചയായി ചോദിച്ചെങ്കിലും ഇതിൽ വ്യക്തമായ മറുപടി ഇതുവരെ നൽകിയിട്ടില്ല. എന്തിന് കേരളത്തിലെത്തി ആക്രമണം നടത്തി എന്നതിനെക്കുറിച്ചും ഇയാൾക്ക് വ്യക്തമായ മറുപടിയില്ല. ഷാറൂഖിന് മാനസികാസ്വാസ്ഥ്യമുള്ളതായി പോലീസ് കരുതുന്നില്ല. ഷാറൂഖിന്റെ കുടുംബവും ഇക്കാര്യം പറഞ്ഞിരുന്നു.
Discussion about this post