കൊച്ചി; കഷ്ടപ്പെട്ട് തന്നെയാണ് പണിയെടുക്കുന്നത്. തനിക്ക് പറ്റുന്നത് പോലെ സിനിമയിൽ അഭിനയിക്കും. അല്ലെങ്കിൽ വല്ല വാർക്ക പണിക്കും പോകുമെന്ന് നടൻ ശ്രീനാഥ് ഭാസി. സിനിമയിലെ സംഘടനകൾ വിലക്കേർപ്പെടുത്തിയതിന് പിന്നാലെ ‘അമ്മ’യിൽ അംഗത്വം തേടിയിരിക്കുകയാണ് നടൻ. സംഘടനയുടെ ഓഫീസിലെത്തി അപേക്ഷ നൽകി. അതേസമയം എക്‌സിക്യൂട്ടീവിന്റെ അനുമതിക്ക് ശേഷം മാത്രമേ അപേക്ഷ സ്വീകരിക്കാനാകൂവെന്നതാണ് ‘അമ്മ’യിലെ നിയമം.
ഡേറ്റ് നൽകാമെന്ന് പറഞ്ഞ് നിർമാതാവിൽ നിന്ന് പണം കൈപ്പറ്റിയ ശേഷം വട്ടംചുറ്റിക്കുന്നുവെന്നതടക്കമുള്ള പരാതികളാണ് ശ്രീനാഥ് ഭാസിക്കെതിരെ ഉയർന്നത്. ഏതൊക്കെ സിനിമകളിലാണ് അഭിനയിക്കുന്നതെന്നും ആർക്കൊക്കെയാണ് ഒപ്പിട്ടു നൽകുന്നതെന്നും ശ്രീനാഥ് ഭാസിക്ക് പോലും അറിയില്ലെന്നായിരുന്നു വിലക്കേർപ്പെടുത്തിക്കൊണ്ട് നിർമാതാവ് രഞ്ജിത്ത് പറഞ്ഞത്.
നിർമ്മാതാവുമായി ഒപ്പുവെയ്ക്കുന്ന കരാറിൽ അമ്മയുടെ രജിസ്ട്രേഷൻ നമ്പർ ഉണ്ടാകണം. അല്ലാത്തപക്ഷം താരങ്ങളുടെ കാര്യത്തിൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സംഘടനകൾക്കാകില്ലെന്ന് വ്യക്തമാക്കിയിരുന്നു.നിലവിൽ 7 അപേക്ഷകളാണ് അംഗത്വത്തിനായി അമ്മയുടെ പരിഗണനയിലുള്ളത്.
Discussion about this post