തിരുവനന്തപുരം: “ഞാൻ രണ്ട് വർഷമായി ഈ കടയിൽ നിന്നാണ് അരി വാങ്ങുന്നത്. അരി വാങ്ങാൻ വന്നതാ, അപ്പോൾ എക്‌സൈസ് പിടിച്ചു വണ്ടിയിൽ ഇട്ടതാ.” തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ ആന്ധ്രയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവ് വാങ്ങാനെത്തി പിടിയിലായ എസ്എഫ്‌ഐ നേതാവ് അഖിലിന്റെ ആദ്യ മറുപടി ഇങ്ങനെയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ചാനൽ റിപ്പോർട്ടർമാരോട് ആയിരുന്നു അഖിലിന്റെ മറുപടി. എന്നാൽ അഖിലിന്റെയും സംഘത്തിന്റെയും നീക്കങ്ങൾ നിരീക്ഷിച്ചുവന്ന എക്‌സൈസ് ഇത് വിശ്വസിക്കാൻ തയ്യാറായില്ല.
ശാസ്തമംഗലത്തെ റെന്റ് എ കാർ ഷോപ്പിൽ നിന്ന് വാടകയ്ക്ക് എടുത്ത കാറിലായിരുന്നു സംഘം ആന്ധ്രയിൽ നിന്ന് കഞ്ചാവ് കടത്തിയത്. ഇത് വാങ്ങാൻ എത്തിയതായിരുന്നു അഖിലും മറ്റൊരാളും. തിരുവനന്തപുരത്തെ മാനവീയം വീഥിയിലടക്കം ലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് എക്‌സൈസ് പറയുന്നു. തിരുവനന്തപുരം ശ്രീശങ്കരാചാര്യ പ്രാദേശിക കേന്ദ്രത്തിലെ എസ്എഫ്‌ഐ മുൻ യൂണിറ്റ് സെക്രട്ടറിയാണ് അഖിൽ.
വാഹനത്തിൽ ജിപിഎസ് ഉണ്ടായിരുന്ന കാര്യവും വാഹനം ഉടമയ്ക്ക് ട്രാക്ക് ചെയ്യാൻ കഴിയുമെന്നും ഇവർക്ക് മനസിലായിരുന്നില്ല. ഈ അമളിയാണ് ഇവരെ കുടുക്കിയത്. വാഹനം ട്രാക്ക് ചെയ്തപ്പോൾ കന്യാകുമാരിയിലേക്ക് പോകാനെന്ന് പറഞ്ഞ് വാടകയ്ക്ക് എടുത്ത വാഹനം ആന്ധ്രയിലാണെന്ന് മനസിലായി. ഇതോടെയാണ് ഉടമയ്ക്ക് സംശയം തോന്നിയത്. 1800 കിലോമീറ്ററിലധികം വാഹനം സഞ്ചരിക്കുകയും ചെയ്തിരുന്നു. കഞ്ചാവ് വിൽക്കുന്ന ആന്ധ്രയിലെ സ്ഥലങ്ങളിലേക്കാണ് വാഹനം പോയതെന്ന് മനസിലാക്കിയ ഉടമ വിവരം എക്‌സൈസിനെ അറിയിക്കുകയായിരുന്നു.
45 പൊതികളിലായിട്ടാണ് 95 കിലോ കഞ്ചാവ് വാഹനത്തിൽ സൂക്ഷിച്ചിരുന്നത്. വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് സംഘം ഇത് വിതരണം ചെയ്തിരുന്നതെന്ന് എക്‌സൈസ് പറഞ്ഞു. ഭാര്യയും ഭർത്താവുമെന്ന് തോന്നിപ്പിക്കുന്നവരും രണ്ട് കുട്ടികളും കൂടിയാണ് വാഹനം വാടകയ്ക്ക് എടുക്കാൻ വന്നതെന്ന് കടയുടമ പറഞ്ഞു. അതുകൊണ്ടു തന്നെ സംശയം തോന്നിയില്ല. കുടുംബമായി കന്യാകുമാരിക്ക് പോകാനാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു.
വഴിയിൽ പോലീസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും പരിശോധന മറികടക്കാനാണ് സ്ത്രീകളെ ഒപ്പം കൂട്ടുന്നത്. കണ്ണേറ്റുകരയിൽ വാഹനം എക്‌സൈസ് പിടികൂടുമ്പോഴും ഒരു സ്ത്രീ വാഹനത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇവർ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
Discussion about this post