കൊച്ചി: കേരളത്തിലെ മദ്യവിതരണത്തിലും വ്യവസായത്തിലും പൊളിച്ചെഴുത്തുകൾ നടത്തണമെന്ന് മുരളി തുമ്മാരുകുടി. കേരളത്തിൽ മദ്യനയം ഇന്ന് വരും നാളെ വരും എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകൾ ആയി. ഇത് വരെ വന്നു കണ്ടില്ലെന്ന് പറഞ്ഞ് കർണാടകയിലെ ഒരു മദ്യശാലയുടെ ചിത്രം സഹിതം പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിലാണ് മുരളി തുമ്മാരുകുടി തന്റെ നിർദ്ദേശങ്ങൾ കുറിച്ചത്.
കേരളത്തിൽ നല്ല മദ്യം ആരോഗ്യകരമായ സാഹചര്യത്തിൽ വാങ്ങാനുള്ള അവസരം ഉണ്ടാകണം. നട്ടുച്ചക്കും പെരുംമഴയത്തും ഉപഭോക്താക്കളെ പുറത്ത് ക്യൂ നിർത്തി അപമാനിക്കുന്ന രീതി ഈ നൂറ്റാണ്ടിന് ചേർന്നതല്ല. എല്ലാ മദ്യവിൽപ്പന ശാലകളും കൺസ്യൂമർ ഫ്രണ്ട്ലി ആകണമെന്നും മുരളി തുമ്മാരുകുടി പറയുന്നു.
ഐടി പാർക്കുകളിൽ മാത്രമല്ല നാടൻ ചായക്കടകൾ ഉൾപ്പടെ എല്ലാ റെസ്റ്റോറന്റുകളിലും ബിയറും വൈനും ലഭ്യമാക്കാൻ ഉള്ള സംവിധാനം ഉണ്ടാകണം. താല്പര്യമുളള റസ്റ്റോറന്റുകൾ ഒക്കെ അപേക്ഷിക്കട്ടെ. ചൂടുള്ള കാലത്ത് ഉച്ചയ്ക്കും കൂട്ടുകാരോടൊത്ത് വൈകിട്ടും ഒരു ബിയർ അടിക്കാൻ ഓട്ടോ പിടിച്ച് പോകേണ്ട അവസ്ഥയൊന്നും ഉണ്ടാക്കേണ്ടതില്ല.
മാസത്തിൽ ഒന്നാം തീയതിക്കും ഓണത്തിനും സംക്രാന്തിക്കും ഒക്കെ മദ്യശാലകൾ അടച്ചു പൂട്ടുന്ന പരിപാടി നിർത്തണം. ആവശ്യമുള്ളവർ തലേന്ന് വാങ്ങി വെക്കും, അങ്ങനെ മുൻപുള്ള ദിവസങ്ങളിൽ തിരക്ക് കൂട്ടും എന്നല്ലാതെ ഒന്നാം തീയതി നിയന്ത്രണത്തിന് എന്ത് ഗുണമാണ് ഉള്ളതെന്ന് പഠിച്ചിട്ടുണ്ടോയെന്നും മുരളി തുമ്മാരുകുടി ചോദിക്കുന്നു.
മറ്റേതൊരു ഭക്ഷ്യവസ്തുവിനേയും പോലെ കലർപ്പില്ലാത്ത ഗുണമേന്മയുള്ള മദ്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതായിരിക്കണം സർക്കാരിന്റെ ഒന്നാമത്തെ ലക്ഷ്യം. മദ്യത്തിന്റെ നിർമ്മാണത്തിലും വിതരണത്തിലും ഒക്കെയുള്ള അനാവശ്യമായ നിയമങ്ങളും പഴയകാലത്തെ ചിന്താഗതികളോടെ നടപ്പിലാക്കുന്ന സംവിധാനവും ആണ് ഈ രംഗത്ത് അഴിമതിയൊക്കെ ഇപ്പോഴും നിലനിർത്തുന്നത്. സർക്കാരിന്റെ നിയന്ത്രണങ്ങൾ പരമാവധി കുറച്ചുകൊണ്ടുവരിക എന്നതായിരിക്കണം അടുത്ത ലക്ഷ്യം.
കേരളത്തിൽ ലഭ്യമായ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് കേരള ബ്രാൻഡിലുള്ള മദ്യങ്ങൾ ഉൽപ്പാദിപ്പിക്കാൻ ആളുകൾക്ക് പരിശീലനം നൽകുകയും മദ്യം ഉൽപ്പാദിപ്പിക്കുന്നവരെ ഏതെങ്കിലും ഒക്കെ കുപ്പിക്കണക്ക് വച്ച് കുഴപ്പത്തിലാക്കാൻ എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന് സ്വാതന്ത്ര്യം കൊടുക്കാതിരിക്കുകയും വേണം.
കേരളത്തിൽ ഉപയോഗിക്കുന്ന മദ്യത്തിൽ കേരളത്തിൽ ഉൽപാദിപ്പിച്ച മദ്യത്തിന്റെ അളവ് കൂട്ടുക, കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്ന മദ്യത്തിന്റെ അളവ് കൂട്ടുക, കേരള ബ്രാൻഡിലുള്ള മദ്യങ്ങൾക്ക് വിദേശങ്ങളിൽ പോലും ബ്രാൻഡ് ഉണ്ടാക്കുക, ഇതൊക്കെ നമ്മുടെ ലക്ഷ്യമാകണം. ഇതിന് ഇൻഡസ്ട്രി, കൃഷി, ടൂറിസം വകുപ്പുകൾ ഒരുമിച്ച് ശ്രമിക്കണം. ഈ ശ്രമത്തെ പിന്തുണക്കുക എന്ന ഉത്തരവാദിത്തമേ എക്‌സൈസ് വകുപ്പിന് ഉണ്ടാകാവൂവെന്നും മുരളി തുമ്മാരുകുടി പറയുന്നു.
മദ്യപാനത്തിന് ശേഷം വാഹനം ഓടിക്കുന്നത് മിനിമം ഒരാഴ്ചയെങ്കിലും ജയിലിൽ കിടക്കുകയും മൂന്നു വർഷത്തേക്ക് ലൈസൻസ് നഷ്ടപ്പെടുത്തുകയും ചെയ്യുന്ന കുറ്റം ആക്കണം. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുന്നത് കൊലപാതക ശ്രമത്തിന് തുല്യമാക്കണം, പിന്നീട് അവർക്ക് ഡ്രൈവിങ്ങ് ലൈസൻസ് നൽകുകയും അരുത്. ഇക്കാര്യത്തിൽ സീറോ ടോളറൻസ് വേണം.
സമൂഹത്തിൽ മദ്യപാനത്തിന്റെ രീതി, അതിന്റെ ദോഷഫലങ്ങൾ എന്നിവയെപ്പറ്റി നിരന്തരം പഠനങ്ങൾ നടത്തണം, പ്രസിദ്ധീകരിക്കണം. മദ്യപാനത്തിൽ നിന്നും വിമുക്തി നേടാൻ ആഗ്രഹിക്കുന്നവർക്കും മദ്യത്തിന് അടിമപ്പെടുന്നവർക്കും വേണ്ടി ശാസ്ത്രീയ ഡീ അഡിക്ഷൻ ക്യാംപുകൾ നടത്തണം.
ഒന്നാമത് മദ്യ നിയന്ത്രണം ആണോ മദ്യ നിരോധനം ആണോ നമ്മുടെ നയം എന്നൊക്കെയുള്ള കാര്യത്തിൽ കൃത്യമായ ഒരു ചിന്ത വേണം. മദ്യം എന്നുള്ളത് ചരിത്രം ഉള്ള കാലത്തോളം നമ്മുടെ കൂടെ ഉള്ളതാണ്. അതിനെ നിരോധിക്കാൻ ശ്രമിച്ചിടത്തൊന്നും ഫലപ്രദം ആയിട്ടില്ല. മദ്യവ്യവസായത്തിൽ ക്രിമിനലുകളുടെ ഇടപെടൽ കൂടും എന്നല്ലാതെ മദ്യത്തിന്റെ ലഭ്യതയിലോ ഉപയോഗത്തിലോ മദ്യനിരോധനം കൊണ്ട് കുറവൊന്നും വരാറില്ലെന്നും മുരളി തുമ്മാരുകുടി പറയുന്നു.
സർക്കാർ ഒരു കോർപ്പറേഷനുമായി വന്ന് മദ്യം കച്ചവടം നടത്തുന്നത് ഒട്ടും നല്ല പരിപാടിയല്ല. ഈ രംഗത്ത് മുതൽ മുടക്കാൻ സ്വകാര്യമേഖലയിൽ എത്രയോ ആളുകൾ ഉണ്ട്. അവർ അത് നടത്തട്ടെ. അതിൽ കണക്കു വെട്ടിക്കലും മായം ചേർക്കലും കുടിപ്പകയും ഗുണ്ടായിസവും ഒക്കെ വന്നത് കൊണ്ടാണ് സർക്കാർ ഈ രംഗത്ത് എത്തിയതെന്ന് എനിക്ക് ഓർമ്മയുണ്ട്. പക്ഷെ അതിനുള്ള സൊല്യൂഷൻ ഗുഡ് ഗവേര്ണൻസും റൂൾ ഓഫ് ലോ യും ആണെന്നും മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടുന്നു.
Discussion about this post