മോസ്‌കോ: ബെലൂറസ് പ്രസിഡന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില അതിഗുരുതരമാണെന്നാണ് റിപ്പോർട്ട്.റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബെലൂറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പുടിന്റെ ഏറ്റവും അടുത്ത അനുയായിയാണ് 68കാരനായ ലുകാഷെങ്കോ. മോസ്‌കോയിലെ സെൻട്രൽ ക്ലിനിക്കൽ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ലുകാഷെങ്കോക്ക് വിഷബാധയേറ്റെന്നാണ് സംശയിക്കുന്നതെന്നും അദ്ദേഹത്തിന്റെ രക്തം ശുദ്ധീകരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വലേറി സെപ്കാലോ വ്യക്തമാക്കി.പ്രസിഡന്റിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലെന്നും വിഷബാധയ്ക്ക് പിന്നിൽ റഷ്യയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രസിഡന്റില്ലാതെ തന്നെ അദ്ദേഹത്തിന്റെ വിമാനം തിരിച്ചയച്ചതായും ബലാറസ് പ്രതിപക്ഷനേതാവ് വ്യക്തമാക്കി. വിഷബാധ മറച്ചുവയ്ക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ലുകാഷെങ്കോയുടെ ഷെഡ്യൂൾ ചെയ്ത മെഡിക്കൽ പരിശോധനയെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിച്ചതിലൂടെ ക്രെംലിൻ ഒരു ‘കവർ-അപ്പ്’ ഓപ്പറേഷൻ ആരംഭിച്ചെന്ന് വലേറി കുറ്റപ്പെടുത്തി
ഈ മാസമാദ്യം മോസ്‌കോയിൽ നടന്ന വിക്ടറി ദിന പരേഡിൽ ലുകാഷെങ്കോ പങ്കെടുത്തിരുന്നു. എന്നാൽ പിന്നീട് അപ്രത്യക്ഷനായ അദ്ദേഹം പൊതുവേദിയിൽ എത്തിയപ്പോൾ വലതു കൈക്ക് ബാൻഡേജ് ഇട്ടിരുന്നു. റഷ്യയ്ക്കും ബെലാറസിനുമൊപ്പം ചേരാൻ തയ്യാറുള്ള രാജ്യങ്ങൾക്ക് ആണവായുധങ്ങൾ നൽകുമെന്ന് അലക്‌സാണ്ടർ ലുകാഷെങ്കോ പുടിനുമായുള്ള കൂടിക്കാഴ്ചക്ക് തൊട്ടുമുൻപ് അറിയിച്ചിരുന്നു.
Discussion about this post