ജീവിതശൈലി പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണെന്ന് പൊതുവേ പറയാറുണ്ട്. പക്ഷേ അതുപറഞ്ഞ് വാരിക്കോരി ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നവര്‍ ഒന്ന് സൂക്ഷിച്ചോളൂ. കാരണം പറയുന്നത് പോലെ ഡാര്‍ക് ചോക്ലേറ്റ് അത്ര നല്ലതല്ലെന്നും അതില്‍ ലെഡും കാഡ്മിയവും ആശങ്കയുണ്ടാക്കുന്ന അളവുകളില്‍ അടങ്ങിയിട്ടുണ്ടെന്നുമാണ് 2022 ഡിസംബറില്‍ പുറത്തുവിട്ട ഒരു കണ്‍സ്യൂമര്‍ റിപ്പോര്‍പ്പ് ഇന്‍വെസ്റ്റിഗേഷന്‍ പറയുന്നത്.
നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളും കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട് വെബ്‌സൈറ്റുകളും പ്രസ്തുത കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട് ഇന്‍വെസ്റ്റിഗേഷന്‍ അടിസ്ഥാനമാക്കി ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവര്‍ പരിശോധിച്ച വിവിധ ബ്രാന്‍ഡുകളുടെ 28 ഡാര്‍ക് ചോക്ലേറ്റ് ബാറുകളില്‍ 23 എണ്ണത്തിലും ലെഡ്, കാഡ്മിയം തുടങ്ങിയ ലോഹങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെയോ അല്ലെങ്കില്‍ രണ്ടെണ്ണത്തിന്റെയോ അംശം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഡാര്‍ക് ചോക്ലേറ്റ് പോഷകങ്ങളുടെ കലവറയാണെന്നാണ് പഠനങ്ങളും ആരോഗ്യവിദഗ്ധരും പറയുന്നത്. കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയുടെ നില ആരോഗ്യകരമായ നിലനിര്‍ത്താനും ഹൃദ്രോഗ സാധ്യതകള്‍ കുറയ്ക്കാനും ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണെന്നാണ് പറയപ്പെടുന്നത്.
പക്ഷേ ചോക്ലേറ്റില്‍ എങ്ങനെയാണ് ലോഹസാന്നിധ്യം ഉണ്ടാകുന്നത്?
കൂടുതല്‍ കൊക്കോ സോളിഡുകള്‍ ഉപയോഗിക്കുന്നത് കൊണ്ട് മില്‍ക് ചോക്ലേറ്റിനേക്കാളും ഡാര്‍ക് ചോക്ലേറ്റില്‍ ആണ് ഘനലോഹങ്ങളുടെ സാന്നിധ്യം കൂടുതലായി കാണുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ലെഡും കാഡ്മിയവും ഭൂമിയില്‍ കാണപ്പെടുന്ന ലോഹങ്ങള്‍ തന്നെയാണ്. എങ്കിലും ഖനനം, നിര്‍മ്മാണം, ഗതാഗതം തുടങ്ങിയ മനുഷ്യപ്രവൃത്തികളിലൂടെ വായുവിലും മണ്ണിലും വെള്ളത്തിലും ഇവയുടെ തോത് ഉയര്‍ന്നു. അങ്ങനെയാണ് ഈ ലോഹങ്ങള്‍ ഭക്ഷ്യ ശൃംഖലയിലേക്ക് എത്തിയത്. മണ്ണിലുളള ഈ ലോഹങ്ങള്‍ വേരുവഴി കൊക്കോ മരങ്ങളിലേക്ക് എത്തുകയും കോക്കോ കുരുക്കളില്‍ നിക്ഷിപ്തമാകുകയും ചെയ്യുന്നു. ഇത് സ്വാഭാവികമായും കൊക്കോ കായ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ചോക്ലേറ്റിലും എത്തുന്നു.
അതേസമയം ഈ റിപ്പോര്‍ട്ടില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും അവരുടെ ആരോപണങ്ങള്‍ക്ക് തെളിവുകള്‍ വേണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വിശ്വസിക്കാവുന്ന ഉറവിടങ്ങളില്‍ നിന്നുള്ള കൊക്കോ പൗഡര്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഡാര്‍ക് ചോക്ലേറ്റ് തെരഞ്ഞെടുക്കുക, ചോക്ലേറ്റ് വീട്ടില്‍ തന്നെ ഉണ്ടാക്കുക, കഴിക്കുന്ന ചോക്ലേറ്റിന്റെ ഗുണനിലവാരത്തെ കുറിച്ച് ബോധ്യമുള്ളവരായിരിക്കുക എന്നതൊക്കെയാണ് നിലവില്‍ നമുക്ക് എടുക്കാവുന്ന മുന്‍കരുതല്‍ നടപടികള്‍.
Discussion about this post