കളക്കാട്: അരിക്കൊമ്പനെ കളക്കാട് കടുവാസങ്കേതത്തിൽ കൊണ്ടുവിടാനുളള നീക്കം അനിശ്ചിതത്വത്തിൽ. ഇന്ന് കാട്ടിലേക്ക് തുറന്നുവിടരുതെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ കളക്കാട് കടുവാസങ്കേതത്തിന്റെ പരിസരത്ത് പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തി. മണിമുത്താർ ചെക് പോസ്റ്റിന് സമീപം പത്തോളം വരുന്ന എസ്ഡിപിഐ പ്രവർത്തകരും അരിക്കൊമ്പനെ അവിടെ തുറന്നുവിടുന്നതിനെതിരെ പ്രതിഷേധിച്ചു.
റോഡിലിരുന്ന് പ്രതിഷേധിച്ച ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആനയെ മയക്കുവെടി വെച്ച് പിടിച്ച് കേരളത്തിലേക്ക് തിരിച്ചയയ്്ക്കണമെന്ന് ആയിരുന്നു ഇവരുടെ ആവശ്യം. സ്ഥലത്തെത്തിയ റവന്യൂ ഉദ്യോഗസ്ഥർക്ക് എസ്ഡിപിഐ ഇത് സംബന്ധിച്ച നിവേദനവും നൽകി.
കൃഷിയെ ആശ്രയിച്ച് കഴിയുന്നവരാണ് ഇവിടെ അധികവും ഉളളത്. ആ സാഹചര്യത്തിൽ അരിക്കൊമ്പൻ പ്രദേശത്ത് സ്ഥിരമായി തമ്പടിച്ചാൽ കൃഷിക്കും ജീവനും നാശമുണ്ടാകുമെന്ന ആശങ്കയാണ് നാട്ടുകാർ പങ്കുവെയ്ക്കുന്നത്. കാട്ടുപന്നി കരടി തുടങ്ങിയ മൃഗങ്ങളുടെ ആക്രമണം പ്രദേശത്ത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. വെളളമില്ലാത്തപ്പോൾ ആനകൾ കൃഷിത്തോട്ടത്തിലേക്ക് ഇറങ്ങാറുണ്ട്. എന്നാൽ ഇവിടെയുളളത് അപകടകാരികളായ ആനകൾ അല്ല. മണിമുത്താർ പാലസ് ഉൾപ്പെടെയുളള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ധാരാളം സഞ്ചാരികൾ എത്തുന്നതാണെന്നും ഇവർക്കും അരിക്കൊമ്പൻ ഭീഷണിയാകുമെന്നും നാട്ടുകാർ പറയുന്നു.
കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ അരിക്കൊമ്പനെ തുറന്നുവിടാനായിരുന്നു തമിഴ്‌നാട് വനംവകുപ്പ് നീക്കം നടത്തിയത്. രാത്രി തേനിയിൽ വെച്ച് മയക്കുവെടി വെച്ച അരിക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ അനിമൽ ആംബുലൻസിൽ കയറ്റി 200 കിലോമീറ്ററോളം സഞ്ചരിച്ചാണ് തിരുനെൽവേലി കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ എത്തിച്ചത്. ഇതിനിടയിലായിരുന്നു ആനയെ ഇന്ന് തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.
കടുവാസങ്കേതത്തിലേക്ക് കടക്കുന്നതിന്റെ തൊട്ടടുത്ത് ജലസംഭരണിക്ക് സമീപം മാദ്ധ്യമപ്രവർത്തകരെ പോലീസ് തടഞ്ഞു. മാഞ്ചോല എസ്‌റ്റേറ്റ് ഭാഗത്ത് 300 കുടുംബങ്ങളാണുളളത്. കടുവാസങ്കേതത്തിനുളളിൽ 35 കിലോമീറ്റർ അകലെ ഉൾവനത്തിൽ ആനയെ ഇറക്കിവിടുമെന്നാണ് തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. എന്നാൽ ഈ പ്രദേശത്ത് 15 കിലോമീറ്റർ വരെ മാത്രമേ വാഹനത്തിന് കടന്നുചെല്ലാൻ കഴിയൂവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ബാക്കിയുളള ഭാഗത്ത് റോഡ് ഉണ്ടെങ്കിലും വളരെ മോശമാണ്. അതുകൊണ്ടു തന്നെ ആനയ്ക്ക് ജനവാസ മേഖലയിലേക്ക് എളുപ്പം ഇറങ്ങാനാകുമെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post