എറണാകുളം: അദ്ധ്യാപക നിയമനത്തിനായി മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്‌ഐ നേതാവ് വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയ കേസിൽ അന്വേഷണം ആരംഭിച്ച് നീലേശ്വരം പോലീസും. കാസർകോട് കരിന്തളം ഗവൺമെന്റ് കോളേജിന്റെ പരാതിയിലാണ് അന്വേഷണം. പോലീസ് സംഘം മഹാരാജാസ് കോളേജിൽ എത്തി വിവരങ്ങൾ ശേഖരിച്ചു.
കോളേജിന്റെ സീൽ, ഉദ്യോഗസ്ഥരുടെ ഒപ്പ്, അദ്ധ്യാപക നിയമനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആണ് ശേഖരിച്ചത്. നേരത്തെ വിദ്യ ഹാജരാക്കിയ സർട്ടിഫിക്കേറ്റുകൾ അധികൃതർ മഹാരാജാസ് കോളേജിന് സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ചതിൽ നിന്നും സീലും സെക്ഷൻ നമ്പറുമെല്ലാം തെറ്റാണെന്ന് വ്യക്തമാകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നീലേശ്വരം പോലീസ് ഇവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചത്. സംഭവത്തിൽ ഊർജ്ജിത അന്വേഷണമാണ് നടക്കുന്നതെന്ന് നീലേശ്വരം പോലീസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം കേസ് എടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും വിദ്യയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഒളിവിൽ കഴിയുന്നത് എവിടെയെന്നതിനെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ പ്രതികരണം. വിദ്യയെ പിടികൂടാതെ അന്വേഷണം അട്ടിമറിയ്ക്കാനാണോ പോലീസ് ശ്രമിക്കുന്നത് എന്ന് സംശയിക്കുന്നുണ്ട്. ഇതിനിടെ അഗളി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിദ്യ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Discussion about this post