കൃത്രിമ മധുരമായി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന അസ്പാര്‍ട്ടൈമിനെ ക്യാന്‍സറിന് കാരണമായേക്കാവുന്ന വസ്തുവായി (കാര്‍സിനോജെനിക്) ആയി ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയ്ക്കുള്ളിലെ ഏജന്‍സിയാണ് 1,300ഓളം പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അസ്പാര്‍ട്ടൈമിനെ കാര്‍സിനോജെനിക് ആയി പ്രഖ്യാപിക്കാനൊരുങ്ങുന്നതെന്ന് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പേടിക്കേണ്ടതില്ലെന്നും, ഇത് സംബന്ധിച്ച അവലോകനം നടത്തിയ ഇന്റെര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ (ഐഎആര്‍സി), ക്യാന്‍സറിന് കാരണമായേക്കാവുന്നതും, കാരണമാകുന്നതും, സാധ്യതയുള്ളവതുമായ വസ്തുക്കള്‍ക്കായി ഒരു ക്ലാസിഫിക്കേഷന്‍ സിസ്റ്റം തയ്യാറാക്കുമെന്നും അത് നിലവിലെ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും ഒഴിവാക്കാന്‍ സഹായകമാകുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
കാര്‍സിനോജെനിക്, ആശയക്കുഴപ്പം എന്താണ്?
ക്യാന്‍സര്‍ ഉണ്ടാക്കിയേക്കാവുന്ന വസ്തുക്കള്‍ എന്ന് പൊതുവായി പറയാമെങ്കിലും, ഒരു വസ്തു ഏത് അളവില്‍ ഉപയോഗിക്കുമ്പോഴാണ് അത് കാര്‍സിനോജെനിക് ആകുന്നതെന്ന് ഐഎആര്‍സി കൃത്യമായി പറയുന്നില്ല. അതായത് കാര്‍സിനോജെനിക് ആണെങ്കിലും, ക്യാന്‍സറിന് കാരണമാകാത്ത, സുരക്ഷിതമായ ഒരളവില്‍ അത് ഉപയോഗിക്കാമെന്ന വസ്തുത അപ്പോഴും നിലനില്‍ക്കുന്നു. അസ്പാര്‍ട്ടൈമിന്റെ കാര്യത്തില്‍, മുന്‍ പരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നത് 150 പൗണ്ട്, അതായത് 68 കിലോഗ്രാം വരെ ഒരു വ്യക്തിക്ക് സുരക്ഷിതമായി ഉപയോഗിക്കാമെന്നാണ്. ഒരു ദിവസം പതിമൂന്ന് കുപ്പി കൊക്കോകോളയില്‍ കുടിച്ചെങ്കിലേ ജീവിതകാലത്തിനിടയില്‍ ഇത്രയധികം അസ്പാര്‍ട്ടൈം ശരീരത്തിലെത്തൂ.
നേരത്തെയും ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്ന ലോകാരോഗ്യ സംഘടനയുടെ ഏജന്‍സി (ജോയിന്റ് ഡബ്ല്യൂഎച്ച്ഒ ആന്‍ഡ് ഫുഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍സ് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി ഓണ്‍ ഫുഡ് അഡിറ്റീവ്‌സ്-ജെഇസിഎഫ്എ) അസ്പാര്‍ട്ടൈമിനെതിരെ നിരവധി തവണ രംഗത്തെത്തിയിട്ടുണ്ട്. സമീപകാലത്ത് നടത്തിയ വിലയിരുത്തലിലും ഒരു കിലോഗ്രാം ശരീരഭാരത്തിന് പ്രതിദിനം പൂജ്യം മുതല്‍ 40 മില്ലിഗ്രാം എന്ന കണക്കില്‍ അസ്പാര്‍ട്ടൈം ഉപയോഗിക്കാമെന്നാണ് പറയുന്നത്. ഇതില്‍ കൂടുതല്‍ കഴിച്ചാല്‍ അത് ആരോഗ്യത്തിന് ദോഷമുണ്ടാക്കും, പക്ഷേ ക്യാന്‍സര്‍ ഉണ്ടാക്കുമെന്ന് കൃത്യമായി പറയാനാകില്ല.
അതേസമയം, അസ്്പാര്‍ട്ടൈം ഉപയോഗവും ക്യാന്‍സര്‍ സാധ്യതയും തമ്മില്‍ ഏതെങ്കിലും രീതിയിലുള്ള ബന്ധം കണ്ടെത്താനായിട്ടില്ലെന്നാണ് യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിട്ടിയും അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷനും പറയുന്നതെന്ന് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും ജൂലൈ 14ന് ജെഇസിഎഫ്എ അസ്പാര്‍ട്ടെമിനെ സംബന്ധിച്ച വിവരങ്ങളും കണ്ടെത്തലുകളും പുറത്തിവിടാനിരിക്കുകയാണ്. അന്നുതന്നെയാണ് ഐഎആര്‍സി ഇക്കാര്യത്തിലുള്ള തങ്ങളുടെ നിഗമനം പറയുക.
ക്യാന്‍സറിന് കാരണമാകുന്നവ, കാരണമായേക്കാവുന്നവ, സാധ്യതയുള്ളവ അല്ലെങ്കില്‍ തരംതിരിക്കാനാകാത്തവ എന്നിങ്ങനെയാണ് ഐഎആര്‍സി വസ്തുക്കളെ പട്ടികപ്പെടുത്തുന്നത്. മനുഷ്യരിലും മനുഷ്യകോശങ്ങളിലും ലാബിനുള്ളില്‍ വളര്‍ത്തുന്ന മൃഗങ്ങളിലും നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലും നിലവില്‍ കാര്‍സിനോജെന്‍ അല്ലെങ്കില്‍ അതാകാന്‍ സാധ്യതയുള്ളത് എന്നിവയുമായി സാദൃശ്യമുള്ളവ എന്ന കാര്യങ്ങളൊക്കെ പരിശോധിച്ചാണ് ഏജന്‍സി വസ്തുക്കളെ പട്ടികപ്പെടുത്തുന്നത്. എന്നാല്‍ ഏത് അളവില്‍ ഉപയോഗിക്കുമ്പോഴാണ് വസ്തുക്കള്‍ കാര്‍സിനോജെനിക് ആകുന്നതെന്ന് പട്ടികയില്‍ പറയുന്നില്ല.
പുകയില, ആസ്‌ബെറ്റോസ്, സംസ്‌കരിച്ച മാംസം തുടങ്ങിയവയെല്ലാം കാര്‍സിനോജെനിക് എന്ന പട്ടികയില്‍ ഉള്ളവയാണ്. ഇവയുടെ ഉപയോഗം മനുഷ്യരില്‍ ക്യാന്‍സര്‍ ഉണ്ടാക്കുമെന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഐഎആര്‍സി ഈ തീരുമാനം എടുത്തതെങ്കിലും ഏത് അളവില്‍ ഉപയോഗിക്കുമ്പോഴാണ് ഇവ അര്‍ബുദകാരികളാകുന്നതെന്ന് ഐഎആര്‍സി പറഞ്ഞിട്ടില്ല. ഗ്ലൈഫോസ്‌ഫൈറ്റ് എന്ന കളനാശികളില്‍ ഉപയോഗിക്കുന്ന വസ്തു ക്യാന്‍സറിന് കാരണമായേക്കുമെന്നാണ് ഐഎആര്‍സി പറയുന്നത്. അതായത് ഇവ മനുഷ്യരില്‍ ക്യാന്‍സര്‍ ഉണ്ടാക്കുമെന്നതിന് വ്യക്തമായ തെളിവുകളില്ല.എന്നാല്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്ന വസ്തുക്കളുമായി ഇവയ്ക്ക് സാമ്യമുണ്ട്. എന്നാല്‍ കാര്‍സിനോജന്‍ ആകാന്‍ സാധ്യതയുള്ളവ എന്ന പട്ടികയില്‍ പെടുന്നത മനുഷ്യരില്‍ ക്യാന്‍സര്‍ ഉണ്ടാക്കുമെന്നതിന് തെളിവുകള്‍ ഇല്ലാത്തതും എന്നാല്‍ മൃഗങ്ങളില്‍ ക്യാന്‍സര്‍ ഉണ്ടാക്കിയതിന് തെളിവ് ഉള്ളതോ അല്ലെങ്കില്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്നവയോട് സാമ്യമുള്ളവയോ ആണെങ്കിലുമാണ്. ഈ വിഭാഗത്തിലാണ് അസ്പാര്‍ട്ടൈം വരിക എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൊബൈലുകളുമായി ബന്ധപ്പെട്ട റേഡിയോഫ്രീക്വന്‍സി ഇലക്ട്രോമാഗ്നറ്റിക് ഫീല്‍ഡുകളെയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയേക്കും.
Discussion about this post