ഷാരൂഖ് ഖാൻ നായകനാകുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ജവാൻ. തമിഴ് സംവിധായകൻ അറ്റ്ലീയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. നയൻതാരയാണ് ജവാനിൽ നായികയായെത്തുന്നത്. നയൻതാരയുടെ ആദ്യ ഹിന്ദി ചിത്രം കൂടിയാണ് ജവാൻ.
ഇപ്പോൾ ജവാനുമായി ബന്ധപ്പെട്ട് നയൻതാരയുടെ ഭർത്താവ് വിഘ്നേഷ് ശിവൻ പങ്കുവെച്ച വാക്കുകളും അതിന് സാക്ഷാൽ കിംഗ് ഖാൻ തന്നെ മറുപടി നൽകിയതും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ജവാൻ ടീസർ പുറത്തിറങ്ങിയതിനു ശേഷം ‘രാജാവിനൊപ്പമുള്ള സ്വപ്നതുല്യമായ അരങ്ങേറ്റത്തിനൊരുങ്ങുന്ന നയൻതാരക്ക് ആശംസകൾ’ എന്ന കുറിപ്പോടെ ഷാരൂഖിനെ മെൻഷൻ ചെയ്ത് ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി വിഘ്നേഷ് ശിവൻ പങ്കുവെച്ചിരുന്നു. ഒപ്പം
അറ്റ്ലീക്കും അനിരുദ്ധിനും വിജയ് സേതുപതിക്കും വിഘ്നേഷ് ആശംസകൾ അറിയിച്ചിരുന്നു. വിഘ്നേഷിന്റെ ആശംസകൾക്ക് അറ്റ്ലീ പ്രതികരണം രേഖപ്പെടുത്തുകയും ചെയ്തു.
ഇപ്പോൾ വിഘ്നേഷ് ശിവന്റെ വാക്കുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സാക്ഷാൽ കിംഗ് ഖാൻ തന്നെ.
“എല്ലാം സ്നേഹത്തിനും നന്ദി വിഘ്നേഷ്. നയൻതാര അടിപൊളിയാണ്. ഞാനിത് ആരോടാണീ പറയുന്നത്, എന്നാലും ഭർത്താവായ നിങ്ങളൊന്ന് സൂക്ഷിച്ചോളൂ, അവർ പുതിയ ചില അഭ്യാസങ്ങളൊക്കെ പഠിച്ചിട്ടുണ്ട്” എന്നാണ് ഷാരൂഖ് ഖാൻ വിഘ്നേഷ് ശിവന് മറുപടിയായി തന്റെ ട്വിറ്ററിൽ കുറിച്ചത്.
” നിങ്ങളുടെ വാക്കുകൾക്ക് നന്ദിയുണ്ട് സർ. നിങ്ങൾ തമ്മിലുള്ള പ്രണയരംഗങ്ങൾ ചിത്രത്തിലുള്ളതായി ഞാൻ അറിഞ്ഞു. റൊമാൻസിന്റെ രാജകുമാരനിൽ നിന്നാണ് അവൾ അതെല്ലാംപഠിച്ചത്. സ്വപ്നതുല്യമായ ഒരു ബോളിവുഡ് അരങ്ങേറ്റത്തിന്റെ സന്തോഷത്തിലാണവർ.” എന്ന് ഷാരൂഖിന്റെ ട്വീറ്റിന് മറുപടിയായി വിഘ്നേഷ് ശിവനും ട്വീറ്റ് ചെയ്തു
ഷാരൂഖ് ഖാൻ വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്ന ജവാനിൽ വിജയ് സേതുപതിയാണ് വില്ലനായി എത്തുന്നത്. ദീപിക പദുകോൺ അതിഥി താരമായും എത്തുന്നുണ്ട്. സാനിയ മൽഹോത്രയും പ്രിയാമണിയും ഈ ചിത്രത്തിലെ താരനിരയിൽ ഉണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.
Discussion about this post