കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. പിടിച്ചെടുത്ത ഫോൺ ഇന്ന് പോലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. കഴിഞ്ഞ ദിവസം കലൂരിലെ വിനായകന്റെ ഫ്‌ളാറ്റിൽ എത്തിയാണ് എറണാകുളം നോർത്ത് പൊലീസ് ഫോൺ പിടിച്ചെടുത്തത്. ഇ ഫേസ്ബുക്ക് ലൈവ് നടത്താൻ ഉപയോഗിച്ച ഫോണാണ് പിടികൂടിയത്.
പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്. പെട്ടെന്നുണ്ടായ പ്രകോപനം മൂലമാണ് പരാമർശം നടത്തിയത് എന്നാണ് വിനായകന്റെ മൊഴി. വിനായകനെതിരെ കേസ് എടുക്കേണ്ടതില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. വിനായകനെ സിനിമയിൽ നിന്ന് മാറ്റി നിർത്താൻ സംഘടനകളിലും ആലോചന നടക്കുന്നുണ്ട്. താരസംഘടനയായ അമ്മയിൽ വിനായകൻ അംഗമല്ല.
‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്’ എന്നായിരുന്നുവിനായകൻ അധിക്ഷേപിച്ച് സംസാരിച്ചത്. വിമർശനം ഉയർന്നതോടെ കുറച്ചുസമയത്തിനുള്ളിൽ തന്നെ പോസ്റ്റ് നീക്കം ചെയ്തുവെങ്കിലും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഇത് പ്രചരിക്കുകയായിരുന്നു.
Discussion about this post