കണ്ണൂർ : മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് ആർ.എസ്.എസിനെ അപകീർത്തിപ്പെടുത്തി സാമൂഹ്യമാദ്ധ്യമത്തിൽ പോസ്റ്റിട്ട മുൻ മന്ത്രി കെകെ ശൈലജക്കെതിരെ എസ്പിക്ക് പരാതി. ആർ.എസ്.എസ് കണ്ണൂർ ജില്ല കാര്യവാഹ് ശ്രീജേഷാണ് പരാതി നൽകിയത്. സമൂഹത്തിൽ സ്പർദ്ധ വളർത്തുന്നതും കലാപാഹ്വാനം നടത്തുന്നതുമായ പോസ്റ്റാണ് ശൈലജ ടീച്ചർ പ്രസിദ്ധീകരിച്ചതെന്ന് പരാതിയിൽ പറയുന്നു.
മണിപ്പൂരിൽ അക്രമി സംഘം സ്ത്രീകളെ വിവസ്ത്രയാക്കി നടത്തിയതിന് പിന്നിൽ ആർ.എസ്.എസാണെന്ന് ധ്വനിപ്പിക്കുന്ന തരത്തിലാണ് ശൈലജ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇത് തനിക്കും താൻ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനും അതിൽ പ്രവർത്തിക്കുന്നവർക്കും അപമാനവും മാനഹാനിയുമുണ്ടാക്കുന്നതുമാണ്. മണിപ്പൂർ സംഭവത്തിൽ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുകയും അവരുടേ പേരുകളും ചിത്രങ്ങളും പുറത്തുവന്നതിനു ശേഷവുമാണ് ശൈലജ പരസ്യ പ്രസ്താവന നടത്തിയത്.
രണ്ട് ഗോത്രവർഗ്ഗങ്ങൾ തമ്മിൽ നടത്തുന്ന കലാപത്തിൽ അതുമായി ബന്ധമില്ലാത്ത സംഘടനയെ വലിച്ചിഴച്ചതിനാൽ നവ മാദ്ധ്യമങ്ങളിൽ അധിക്ഷേപങ്ങളാണ് നടക്കുന്നത്. ഇതിനു പിന്നാലെ മുസ്ലിം തീവ്രവാദ സംഘടനകളും സിപിഎം അണികളും ആർ.എസ്.എസ് പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ കലാപാഹ്വാനം മുഴക്കുകയാണെന്നും പരാതിയിൽ പറയുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയുടെ കോപ്പി ഡിജിപിക്കും ഡിഐജിക്കും നൽകിയിട്ടുണ്ട്.
Discussion about this post