കണ്ണൂർ: ഗണപതി ഭഗവാനെ അവഹേളിച്ച സംഭവത്തിൽ പി ജയരാജനെ ബലിയാടാക്കി ഷംസീറിനെ സെയ്ഫ് ആക്കാൻ സിപിഎം നീക്കം ആരംഭിച്ചുവെന്ന ആരോപണവുമായി പാർട്ടിക്കുള്ളിൽ ചിലർ രംഗത്ത് വന്നു. വിവാദത്തിൽ സ്പീക്കർ എ എൻ ഷംസീറിനെതിരായ പ്രതിഷേധം ആളിക്കത്തിച്ചതിന് പിന്നിൽ പി ജയരാജന്‍റെ അനവസരത്തിലുള്ള ഇടപെടലാണെന്ന സിപിഎം വിലയിരുത്തലിനെതിരെയാണ് ജയരാജൻ അനുഭാവികൾ രംഗത്ത് വന്നിരിക്കുന്നത്. ജയരാജന്റെ മോർച്ചറി പ്രസംഗം വർഗ ശത്രുക്കൾക്ക് അവസരമുണ്ടാക്കി കൊടുത്തു എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ.
ഷംസീറിന്റെ വിവാദ പരാമർശത്തിനെതിരെ യുവമോർച്ച തലശ്ശേരി ക്യാമ്പ് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിനെതിരെയാണ് ജയരാജൻ മോർച്ചറി പ്രസംഗം നടത്തിയത്. ഷംസീറിനെതിരെ കൈയ്യോങ്ങുന്ന യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കും എന്നായിരുന്നു ജയരാജന്റെ കൊലവിളി പ്രസംഗം. വിവാദം ആളിക്കത്തിച്ചതിന് പിന്നിൽ ജയരാജന്റെ പ്രസംഗമാണെന്നും അതിന്റെ ചുവട് പിടിച്ചാണ് എം വി ഗോവിന്ദൻ വാർത്താ സമ്മേളനം നടത്തിയതെന്നുമാണ് പൊതുവിലുള്ള നിരീക്ഷിക്കുന്നത്.
ഗോവിന്ദന്റെ വാർത്താ സമ്മേളനവും പിന്നാലെയുള്ള ഷംസീറിന്റെ വിശദീകരണവും വിശ്വാസികളും എൻ എസ് എസും ബിജെപിയും നയിച്ച പ്രതിഷേധാഗ്നയിൽ മുങ്ങിയതോടെ സിപിഎം പ്രതിരോധത്തിലായി. ഗണപതി മിത്താണെന്നും മിത്തിനെ പിന്നെ ശാസ്ത്രം എന്ന് വിളിക്കാമോയെന്നും ചോദിച്ച ഗോവിന്ദൻ മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റി. താനും ഷംസീറും അങ്ങനെ പറഞ്ഞിട്ടേയില്ലെന്നാണ് ഗോവിന്ദന്റെ പുതിയ പ്രസ്താവന.
ഗണപതി മിത്താണെന്ന് പറഞ്ഞ ഗോവിന്ദൻ അള്ളാഹുവിനെ കുറിച്ചുള്ള ചോദ്യത്തിന് മുന്നിൽ പതറി. മുസ്ലീങ്ങൾ ഏകദൈവ ആരാധനയുടെ പ്രത്യേക തലം കൊണ്ടു നടക്കുന്നവരാണെന്നുള്ള ഗോവിന്ദന്റെ പ്രസ്താവന വന്നതോടെ സോഷ്യൽ മീഡിയയിൽ അടക്കം ഇസ്ലാമിലെ അന്ധവിശ്വാസങ്ങൾ പരസ്യമായി പരിഹസിക്കപ്പെട്ടു. ഇതിനെല്ലാം കാരണം ഷംസീറിനെ ന്യായീകരിക്കാൻ വേണ്ടി ജയരാജൻ നടത്തിയ പ്രസംഗമാണ് എന്ന സിപിഎം നിരീക്ഷണത്തിൽ അക്ഷമരാണ് കണ്ണൂരിലെ പി ജെ ആർമി എന്നാണ് സാമൂഹിക മാദ്ധ്യമങ്ങളിലെ കമന്റുകളും പോസ്റ്റുകളും കീ ജയ് വിളികളും നൽകുന്ന സൂചന.
ഷംസീറിനെ വളഞ്ഞിട്ട് ആക്രമിക്കാൻ ആരെയും അനുവദിക്കില്ലെന്നും പാർട്ടി ഷംസീറിനൊപ്പമാണ് എന്നും പറഞ്ഞ നേതാക്കൾ, പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ജയരാജനെതിരെ ആക്രമണം കടുപ്പിക്കുകയാണ്. ഇത് കണ്ണൂർ സിപിഎമ്മിലെ താത്കാലികമായി കെട്ടടങ്ങിയ വിഭാഗീയതയെ കൂടുതൽ ആളിക്കത്തിക്കും എന്നത് ഉറപ്പാണ്. വ്യക്തി ആരാധനാ വിവാദത്തിൽ ഉൾപ്പെടെ ജയരാജനെ ഒറ്റപ്പെടുത്തിയതിൽ അമർഷം പൂണ്ടിരിക്കുന്ന പി ജെ ആർമി എന്നറിയപ്പെടുന്ന സൈബർ സഖാക്കൾ മുറുമുറുപ്പ് പരസ്യമാക്കിയാൽ അത് സിപിഎമ്മിനെ പുതിയ വിഴുപ്പലക്കലിലേക്കും രൂക്ഷമായ പ്രതിസന്ധിയിലേക്കും എത്തിക്കും എന്ന കാര്യം വ്യക്തമാണ്.
Discussion about this post