മലപ്പുറം: സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടാൻ പോലീസ് സ്‌റ്റേഷൻ ബോംബിട്ട് തകർക്കുന്നതിന്റെ വീഡിയോ നിർമ്മിച്ച യുവാക്കൾ അറസ്റ്റിൽ. കരുവാരക്കുണ്ട് സ്വദേശികളായ മുഹമ്മദ് റിയാസ്, മുഹമ്മദ് ഫവാസ്, സലീം ജിഷാദിയാൻ, മുഹമ്മദ് ജാസിം, സൽമാനുൽ ഫാരിസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
മേലാറ്റൂർ പോലീസ് സ്‌റ്റേഷൻ ബോംബിട്ട് തകർക്കുന്നതിന്റെ വീഡിയോ ആണ് യുവാക്കൾ നിർമ്മിച്ചത്. കഴിഞ്ഞ ദിവസം ഇത് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയായിരുന്നു. ഈ വീഡിയോ നിമിഷ നേരം കൊണ്ടുതന്നെ വ്യാപകമായി പ്രചരിച്ചു. തുടർന്ന് ചിലർ ഇത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.
മലയാള സിനിമയുടെ സംഭാഷണത്തിനൊപ്പമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പോലീസ് സ്‌റ്റേഷൻ ബോംബുവച്ച് തകർക്കുന്നതിന്റെ ദൃശ്യങ്ങൾ നിർമ്മിച്ചിരിക്കുന്നത്. യുവാക്കൾ ചേർന്ന് സംഭാഷണം പറഞ്ഞ ശേഷം ഈ ദൃശ്യങ്ങൾ കാണിക്കുന്ന തരത്തിലാണ് വീഡിയോ.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ പ്രധാന പ്രതി മുഹമ്മദ് റിയാസിന്റെ ഫോൺ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. റിയാസിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് നാലു പേരെയും പിടികൂടി. ലഹള സൃഷ്ടിക്കാൻ ശ്രമിക്കൽ, സാമൂഹികമാധ്യമം വഴി പോലീസിനെ അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്.
Discussion about this post