പുതുപ്പളളി; പുതുപ്പളളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജെയ്ക്ക് സി തോമസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ വരണാധികാരി കൂടിയായ കോട്ടയം ആർഡിഒയുടെ ഓഫീസിലെത്തിയാണ് പത്രിക നൽകിയത്. എൻഡിഎ സ്ഥാനാർത്ഥി ലിജിൻലാൽ നാളെ പത്രിക നൽകും.
എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ മന്ത്രി വി.എൻ വാസവൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, ഘടകകക്ഷി നേതാക്കൾ തുടങ്ങിവരുടെ വലിയ നിര പത്രിക സമർപ്പിക്കാൻ എത്തിയിരുന്നു. അടുത്ത ദിവസങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും മണ്ഡലത്തിൽ പ്രചാരണത്തിന് എത്തും. വ്യാഴാഴ്ച മുഖ്യമന്ത്രി പുതുപ്പളളിയിൽ ആദ്യ പ്രചാരണയോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.
വികസനമാണ് പുതുപ്പളളിയിൽ മുന്നോട്ടുവെയ്ക്കുന്ന വിഷയമെന്ന് ജെയ്ക്ക് സി തോമസ് പത്രിക സമർപ്പിച്ച ശേഷം പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ അടുക്കള കാര്യമല്ല വികസനത്തെ മുൻനിർത്തിയുളള സംവാദത്തിന് വെല്ലുവിളിച്ചെങ്കിലും ഇതേവരെ യുഡിഎഫ് സ്ഥാനാർത്ഥി തയ്യാറായിട്ടില്ല. യുഡിഎഫ് നേതൃത്വവും ആ നിലയിൽ പ്രതികരിച്ചിട്ടില്ല.
ഈ ഉപതിരഞ്ഞെടുപ്പോടെ പുതുപ്പളളിയുടെ രാഷ്ട്രീയ ദിശാസൂചിക സമ്പൂർണമായി ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് മാറും. തന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയിട്ടില്ലെന്നും വിവിധ ഘടകങ്ങളിലെ അഭിപ്രായ രൂപീകരണത്തിന് ശേഷമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയെന്നും അതിന് വേണ്ട സമയമേ എടുത്തിട്ടുളളൂവെന്നും ജെയ്ക്ക് പറഞ്ഞു.
Discussion about this post