കോട്ടയം: മുഖ്യമന്ത്രിയുടെ മകൾ കരിമണൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയതിൽ ആക്രമണം കടുപ്പിച്ച് ബിജെപി. മുഖ്യമന്ത്രിയും മകളും സേവനം നൽകാതെ എന്തിന് കരിമണൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയെന്നതാണ് ചർച്ചയാക്കേണ്ടതെന്നും അല്ലാതെ വാങ്ങിയ കാശിന് ജിഎസ്ടി അടച്ചിട്ടുണ്ടോയെന്ന് അല്ലെന്നും ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പികെ കൃഷ്ണദാസ് പറഞ്ഞു.
ചെയ്യാത്ത സേവനത്തിനാണ് മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി കൈപ്പറ്റിയത്. അത് എന്തിന് കൈപ്പറ്റി. അതോ മറ്റെന്തെങ്കിലും പ്രത്യുപകാരമാണോ? അതാണ് ചർച്ചയാകേണ്ടതെന്ന് കൃഷ്ണദാസ് പറഞ്ഞു. ജിഎസ്ടി കൊടുത്തിട്ടുണ്ടോയെന്ന വിവാദം ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നു. കോൺഗ്രസും സിപിഎമ്മും തമ്മിലുളള ധാരണയുടെ ഭാഗമാണിതെന്നാണ് കരുതുന്നത്. ജിഎസ്ടി നൽകിയെന്ന് പറഞ്ഞാൽ വിവാദം അവസാനിപ്പിക്കാനാണ് നീക്കം.
മകളുടെ പേരിൽ ഉയർന്ന വിവാദത്തെക്കുറിച്ച് മുഖ്യമന്ത്രി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്. വാൾമുനയുടെ മുന്നിലൂടെ നിർഭയം നടന്നുവെന്ന് അവകാശപ്പെടുന്ന ഒരു ഇടതുപക്ഷ നേതാവ് ഇതാണോ ചെയ്യേണ്ടതെന്ന് കൃഷ്ണദാസ് ചോദിച്ചു. സിപിഎം രാഷ്ട്രീയം അച്ഛനിലും മകളിലും മരുമകനിലും ഒതുങ്ങിയിരിക്കുകയാണ് ഇപ്പോൾ.
ചോദ്യം ചെയ്യാൻ പാർട്ടിക്കുളളിൽ പിബിയോ കേന്ദ്ര കമ്മിറ്റിയോ ഒന്നുമില്ല. കാരണം അവരുടെയൊക്കെ ദൈനംദിന ചിലവ് ഈ അച്ഛനിലും മകളുടെയും മരുമകന്റെയും ദയാവായ്പിലാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഐക്കാർ സിപിഎമ്മിന് മുൻപിൽ സാഷ്ടാംഗം പ്രണാമം നടത്തിയതുകൊണ്ട് അവർക്കും ശബ്ദമില്ല. പ്രതിപക്ഷത്തെപ്പോലും മുഖ്യമന്ത്രിയുടെ കുടുംബം നിശബ്ദമാക്കിയിരിക്കുകയാണെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.
Discussion about this post