മോസ്‌കോ : ചാന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയത്തിന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യയെ അഭിനന്ദിച്ചു. ബഹിരാകാശ പര്യവേഷണത്തിലെ വലിയൊരു മുന്നേറ്റമാണ് ഇന്ത്യ നടത്തിയിരിക്കുന്നത് എന്നും പുടിൻ വ്യക്തമാക്കി.
“ഇന്ത്യൻ ബഹിരാകാശ നിലയം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്തായി ചാന്ദ്രയാൻ -3 വിജയകരമായി ഇറക്കിയ അവസരത്തിൽ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ സ്വീകരിക്കുക. ഇത് ബഹിരാകാശ പര്യവേഷണത്തിലെ വലിയൊരു ചുവടുവയ്പ്പാണ്, തീർച്ചയായും ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയുടെ തെളിവാണിത്” എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രസിഡന്റ് ദ്രൗപതി മുർമുവിനുമായി പുടിൻ നൽകിയ സന്ദേശം.
അതോടൊപ്പം തന്നെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ നേതൃത്വത്തിനും സ്റ്റാഫിനും പുതിയ നേട്ടങ്ങൾക്കായി ആത്മാർത്ഥമായ അഭിനന്ദനങ്ങളും ആശംസകളും പുടിൻ അറിയിച്ചു. ചാന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയത്തോടെ അമേരിക്കയ്ക്കും പഴയ സോവിയറ്റ് യൂണിയനും ചൈനയ്ക്കും ശേഷം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.
Discussion about this post