തിരുവനന്തപുരം: ചിരി പടർത്തുന്ന ഉത്തരക്കടലാസുകൾ ആദ്യമല്ല. ഓരോ മൂല്യനിർണയ ക്യാമ്പുകളിലും അദ്ധ്യാപകർക്ക് ഓർത്തുചിരിക്കാനുളള ഒരുപാട് കഥകളാണ് സമ്മാനിക്കുക. ഇത്തരത്തിൽ ഉത്തരമെഴുതിയ വിരുതനെ പരിചയപ്പെടുത്തുകയാണ് ഒരു അധ്യാപകൻ. ഒരേ രീതിയിൽ ഉത്തരം വരുന്ന രണ്ട് ചോദ്യങ്ങൾക്ക് നൽകിയ ആൻസർ ആണ് ചിരിക്ക് വഴി തെളിച്ചത്. രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരമായി മൂന്ന് വരികൾ എഴുതിയ ശേഷം ബാക്കി 13 ാമത്തെ ഉത്തരത്തിലുണ്ടെന്നായിരുന്നു വിദ്യാർത്ഥിയുടെ കുറിപ്പ്. ജിഎച്ച്എസ്എസ് നെയ്യാർഡാമിലെ പ്ലസ് ടു വിദ്യാർത്ഥിയുടേതാണ് ഉത്തരക്കടലാസ്. അതേ രീതിയിൽ അദ്ധ്യാപകൻ കുറിച്ച മറുപടിയും രസകരമാണ്.
സാഹിത്യകാരനും ജിഎച്ച്എസ്എസ് നെയ്യാർഡാമിലെ അദ്ധ്യാപകനുമായ കെ.എസ് രതീഷാണ് ഉത്തരക്കടലാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്. പരീക്ഷയിൽ 13 ാമത്തെയും, 26 ാമത്തെയും ചോദ്യത്തിന്റെ ഉത്തരം സമാനമാണ്. ആദ്യം 13ാമത്തെ ചോദ്യത്തിനുള്ള ഉത്തരം വിദ്യാർത്ഥി വിശദമായി എഴുതിയിട്ടുണ്ട്. 26 ാമത്തെ ചോദ്യത്തിന്റെ ഉത്തരത്തിലും ഇത് ആവർത്തിക്കാൻ വയ്യാത്തതിനാൽ ആമുഖം മാത്രം എഴുതിയ ശേഷം ബാക്കി 13ാമത്തെ ചോദ്യത്തിന്റെ ഉത്തരത്തിലുണ്ടെന്ന് വിദ്യാർത്ഥി ഉത്തരക്കടലാസിൽ എഴുതുകയായിരുന്നു.
മൂല്യനിർണയ വേളയിലാണ് ഇത് അദ്ധ്യാപകന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ രസകരമായ നിർദ്ദേശത്തിന്റെ ചിത്രം അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയായിരുന്നു. 26ാമത്തെ ചോദ്യത്തിന് അദ്ധ്യാപകൻ രണ്ട് മാർക്ക് നൽകിയിട്ടുണ്ട്. ബാക്കി മാർക്ക് 13ാമത്തെ ഉത്തരത്തിൽ ഇട്ടിട്ടുണ്ടെന്നും മറുപടിയായി അദ്ധ്യാപകൻ ഉത്തരക്കടലാസിൽ കുറിക്കുകയായിരുന്നു. 12 ബിയിലെ എന്റെ കുട്ടി പൊളിയാണെന്നും, പേപ്പർ നോട്ടം മാസാണെന്നുമുള്ള കുറിപ്പോടെയാണ് അദ്ധ്യാപകൻ ഉത്തരക്കടലാസ് പങ്കുവച്ചിരിക്കുന്നത്.
Discussion about this post