പുതിയ വിശേഷങ്ങൾ ആരാധകരെ നേരിട്ടറിയിക്കാനായി വാട്സ്ആപ്പ് ചാനലുമായി എത്തുകയാണ് മലയാളികളുടെ സ്വന്തം ലാലേട്ടനും മമ്മുക്കയും. വരുംകാല സിനിമകളുടെ അപ്ഡേറ്റുകൾ നേരിട്ടറിയിക്കും എന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാലും മമ്മൂട്ടിയും തങ്ങളുടെ വാട്സ്ആപ്പ് ചാനലിലെ ആദ്യ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. ഈ ആദ്യ മെസ്സേജിന് തന്നെ ഗംഭീര പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
‘എന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ചാനൽ ലോഞ്ചിനെ കുറിച്ച് നിങ്ങളെ അറിയിക്കുന്നതിൽ സന്തോഷമുണ്ട്. എന്നെക്കുറിച്ചുള്ള വിവരണങ്ങളും അപ്‌ഡേറ്റുകളും പോസ്റ്റുചെയ്യാൻ ഞാൻ ഈ ചാനൽ ഉപയോഗിക്കുന്നതായിരിക്കും, അതിനാൽ ചാനലിനോടൊപ്പം ചേരാൻ നിങ്ങളെ എല്ലാവരെയും ഞാൻ ക്ഷണിക്കുകയാണ്.’ എന്നാണ് മമ്മൂട്ടി വാട്സ്ആപ്പ് ചാനലിന്റെ ആദ്യ സന്ദേശമായി കുറിച്ചിരിക്കുന്നത്.
‘ഹലോ, മോഹൻലാൽ ആണ്. നിങ്ങളെ എന്റെ വാട്ട്‌സ്ആപ്പ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു! എല്ലാവരും ഇവിടെയെത്തിയതിൽ സന്തോഷം, എന്റെ എല്ലാ പ്രോജക്റ്റ് അപ്‌ഡേറ്റുകളും അതാത് സമയങ്ങളിൽ ഇവിടെ അറിയിക്കുന്നതാണ്. ഇപ്പോൾ ഞാൻ തിരുവനന്തപുരത്താണുള്ളത്. സംവിധായകൻ ജീത്തു ജോസഫിനും ടീമിനുമൊപ്പം ഞങ്ങളുടെ വരാനിരിക്കുന്ന പ്രൊജക്റ്റായ നേര് എന്ന ചിത്രത്തിന്റെ ജോലിയിലാണ്. കൃത്യമായി അപ്ഡേറ്റുകൾ ലഭ്യമാകാനായി ഈ ചാനലിൽ ചേരാൻ മറക്കരുത് . നന്ദി.’ എന്നാണ് മോഹൻലാൽ വാട്ട്‌സ്ആപ്പ് ചാനലിൽ ആദ്യ സന്ദേശമായി കുറിച്ചത്.
Discussion about this post