ചെന്നൈ : തമിഴിലെ 4 പ്രമുഖ നടന്മാർക്ക് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തി. ധനുഷ്, വിശാൽ, ചിമ്പു, അഥർവ്വ എന്നീ നടന്മാർക്കാണ് വിലക്കുള്ളത്. മോശം പ്രൊഫഷണൽ പെരുമാറ്റത്തെ തുടർന്നാണ് ഈ നടന്മാരെ വിലക്കിയിട്ടുള്ളത്.
കഴിഞ്ഞ കുറച്ചുകാലമായി തമിഴ് സിനിമാ വ്യവസായത്തിനുള്ളിൽ ഉടലെടുത്തിരുന്ന തർക്കങ്ങളുടെ ഫലമായാണ് ഇപ്പോഴത്തെ ഈ വിലക്ക്. തമിഴ് സിനിമാലോകത്ത് അഭിനേതാക്കളും നിർമ്മാതാക്കളും തമ്മിലുള്ള തർക്കം ഏറെ നാളായി നിലനിൽക്കുന്നുണ്ട്. അടുത്തിടെ നടന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പൊതുയോഗത്തിൽ ചില നടന്മാരുടെ മോശം പെരുമാറ്റത്തിനെതിരെ പ്രമേയം അവതരിപ്പിച്ചിരുന്നു.
തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മുൻ പ്രസിഡന്റ് കൂടിയായിരുന്ന നടൻ വിശാലിനെതിരെ സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ആരോപണം നിർമ്മാതാക്കൾക്കിടയിൽ കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരുന്നത്. തേനാണ്ടൽ മുരളി നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണത്തിന് ധനുഷ് എത്താതിരുന്നത് നിർമ്മാതാവിന് കാര്യമായ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന ആരോപണമാണ് നടൻ ധനുഷിനെതിരെ ഉയർന്നിട്ടുള്ളത്. പ്രശ്നം പരിഹരിക്കുന്നതിനായി ധനുഷ് സഹകരിക്കുന്നില്ല എന്നാണ് നിർമാതാക്കള്‍ പറയുന്നത്. പ്രൊഫഷണൽ മര്യാദകളും ഉത്തരവാദിത്വവും ഇല്ല എന്ന കാരണമാണ് അഥർവ്വയ്ക്കും ചിമ്പുവിനും എതിരായി നിർമ്മാതാക്കൾ ഉന്നയിക്കുന്നത്.
Discussion about this post