ഒരേ ദിവസം നാല് പുതിയ സിനിമകളാണ് സോഫിയ പോളിന്റെ നേതൃത്വത്തിൽ ഉള്ള വീക്കെൻഡ് ബ്ലോക്ക് ബസ്റ്റ്ർ പ്രഖ്യാപിച്ചിരിക്കുന്നത്. അതിലൊന്ന് മലയാളികൾക്ക് ഒരുപറ്റം സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ അൻവർ റഷീദിന്റെ ചിത്രമാണ്. 2020 ലെ ട്രാൻസ് എന്ന ഫഹദ് ചിത്രമാണ് അൻവറിന്റെ സംവിധാനത്തിൽ അവസാനമായി പുറത്തിറങ്ങിയത്. മൂന്നുവർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പുതിയ ചിത്രവുമായി അൻവർ റഷീദിന്റെ വരവ്.
സിനിമാനിർമാണ മേഖലയിൽ പത്തു വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഒരുദിവസം തന്നെ നാല് ചിത്രങ്ങളാണ് വീക്കെൻഡ് ബ്ലോക്ക് ബസ്റ്റ്ർ പ്രഖ്യാപിച്ചത്. ഇതിൽ നാലാമത്തെ പ്രോജക്ടാണ് അൻവറിന്റ ചിത്രം. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ പത്താം ചിത്രം കൂടിയാണിത്.
2014 ൽ അഞ്ജലി മേനോന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ബാംഗ്ലൂർ ഡേയ്‌സ് സോഫിയ പോളും അൻവർ റഷീദും ചേർന്നാണ് നിർമ്മിച്ചത്. വിക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയായിരുന്നു ഇത്. വൻവിജയമായ ഉസ്താദ് ഹോട്ടൽ പുറത്തിറങ്ങി ഏഴ് വർഷത്തിന് ശേഷമാണ് ട്രാൻസ് റിലീസ് ചെയ്തത് എങ്കിലും ആ ചിത്രത്തിന് തിയേറ്ററിൽ വലിയ ഓളം സൃഷ്ടിക്കാനായില്ല. ആന്റണി വർഗീസിനെ നായകനാക്കി അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇവർ ഇന്ന് പ്രഖ്യാപിച്ച ചിത്രങ്ങളിലൊന്ന്. ജാനേമൻ. മഞ്ഞുമ്മൽ ബോയ്‌സ് എന്നിവയ്ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് രണ്ടാമത്തേത്. ആർ.ഡി.എക്സിന്റെ സംവിധായകൻ നഹാസ് ഹിദായത്തിന്റേതാണ് മൂന്നാമത്തെ ചിത്രം.
Discussion about this post