ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രപ്രശ്‌നമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി അന്താരാഷ്ട്രതലത്തിൽ ചർച്ചാവിഷയം. ഭാരതത്തിന്റെ തലസ്ഥാനത്തിന്റെ അത്ര പോലും ജനസംഖ്യയില്ലാത്ത,പാരമ്പര്യമില്ലാത്ത കാനഡ ഉയർത്തിയ ആരോപണം മുഖവിലയ്‌ക്കെടുക്കാതെ തള്ളുകയാണ് ഇന്ത്യ ചെയ്തത്. തെളിവുകളില്ലാതെയുള്ള ജസ്റ്റിൻ ട്രൂഡോയുടെ ജല്പനങ്ങൾ അർഹിക്കുന്ന അവഗണനയോടെ തന്നെ ഇന്ത്യ നിഷേധിച്ചു.
ഭാരതമണ്ണിൽ ഒരിക്കൽകൂടി വിഭജനവിത്തു വിതയ്ക്കാൻ ശ്രമിക്കുന്ന ഖാലിസ്ഥാൻ ഭീകരനായ ഹർദീപ് സിംഗ് നിജ്ജാർ ആരുടേയോ കുടിപ്പകയാൽ കൊല്ലപ്പെട്ടതാണ് കാനഡയുടെ വേവലാതിയ്ക്കും ഈ കണ്ട പ്രകോപനത്തിനും എല്ലാം കാരണം. ഖാലിസ്ഥാൻ ഭീകരന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന് ഉറപ്പിക്കുകയാണ് ജസ്റ്റിൻ. അതും യാതൊരു തെളിവുകളുടെയും പിൻബലമില്ലാതെ. ജ ി20 ഉച്ചകോടിക്കിടെ ഇതേ വിഷയം ഉയർത്തി വിവാദം ഉണ്ടാക്കാൻ ശ്രമിച്ചങ്കിലും ഇന്ത്യൻ മണ്ണിൽവച്ച് അത് വിലപ്പോയില്ല. ഇതിന് പിന്നാലെയാണ് ട്രൂഡോ കനേഡിയൻ പാർലമെന്റിൽ ചെന്ന് ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ചത്.
സ്വാഭാവികമായും ഇതിൽ സംശയങ്ങൾ ഉയരുന്നതിൽ അതിശയപ്പെടാനാവില്ല. മറ്റൊരു രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും വെല്ലുവിളിക്കുന്ന ഒരു ഭീകരന്റെ മരണത്തിൽ ജസ്റ്റിൻ ട്രൂഡോ ഇത്ര വേവലാതിപ്പെടാൻ മാത്രം എന്താണ്? അതിന് കാരണങ്ങൾ പലതാണ്. അധികാരം താങ്ങിനിർത്തുന്ന വോട്ട് ബാങ്ക് തന്നെയാണ് മുഖ്യവിഷയം 40 ദശലക്ഷത്തോളം ഉള്ള കനേഡിയൻ ജനസംഖ്യയിൽ 1.4 ലക്ഷത്തോളമാണ് ഇന്ത്യൻ വംശജരുടെ എണ്ണം. ഇതിൽ 7,70,000 പേരും സിഖ് മതക്കാരാണ്. ഇവരിൽ ഭൂരിപക്ഷത്തിനും വോട്ടവകാശവും ഉണ്ട്. കാനഡയിലെ ഹൗസ് ഓഫ് കോമൺസിൽ ആകെ 338 എംപിമാരുണ്ട്, അതിൽ 18 പേർ സിഖ് എംപിമാരാണ്. കുറഞ്ഞത് എട്ട് പാർലമെന്റ് സീറ്റുകളിലെങ്കിലും ഇവർ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. രാജ്യത്തെ നിർണായകമായ പാർലമെന്റ് സീറ്റുകളാണിവ. കാനഡയിലെ രാഷ്ട്രീയ പാർട്ടികൾ ഒന്നും തന്നെ സിഖുകാർക്കെതിരെ നടപടി സ്വീകരിക്കാൻ ധൈര്യപ്പെടാത്തതിന്റെയും ഖാലിസ്ഥാനികൾക്കെതിരെ തിരിയാത്തതിന്റെയും കാരണം ഇതാണ്.പഞ്ചാബികളുടെ പാർട്ടിയായ എൻ.ഡി.പിയാണ് ജസ്റ്റിൻ ട്രൂഡോ സർക്കാരിനെ താങ്ങിനിർത്തുന്നത്. ഇതാണ് ട്രൂഡോയുടെ ഖാലിസ്ഥാൻ പ്രീണനത്തിന് കാരണമത്രേ.
ജസ്റ്റിൻ ട്രൂഡോ തന്റെ പിതാവിന്റെ അതേ പാത പിന്തുടരുകയാണെന്ന വിമർശനവും ഇതിനോടൊപ്പം തന്നെ ഉയരുന്നുണ്ട്. 1985 എയർ ഇന്ത്യ വിമാനത്തിലെ 331 യാത്രക്കാരുടെ ജീവനെടുത്ത ബോംബാക്രമണം ആസൂത്രണം ചെയ്ത തൽവീന്ദർ സിംഗ് പാമറിന് അഭയം നൽകിയ ആളാണ് ജസ്റ്റിൻ ട്രൂഡോയുടെ പിതാവും അന്നത്തെ പ്രധാനമന്ത്രിയും ആയിരുന്ന പിയറി ട്രൂഡോ. ഖാലിസ്ഥാന്റെ തന്നെ തീവ്രവാദി ഗ്രൂപ്പായ ബാബ്ബർ ഖൽസയുടെ സ്ഥാപകനേതാവായിരുന്നു പാർമർ.
എന്നാൽ ഇന്ത്യ പലതവണ ആവശ്യപ്പെട്ടിട്ടും നൂറുകണക്കിന് ജീവനെടുത്ത കൊടുംഭീകരനെ കൈമാറാൻ അദ്ദേഹം അന്ന് തയ്യാറായിരുന്നില്ല. ബ്രിട്ടീഷ് രാജ്ഞിയോട് ഇന്ത്യയ്ക്ക് വിധേയത്വമില്ലെന്ന് കാട്ടിയായിരുന്നു അഭ്യർത്ഥന നിരസിച്ചത്. പിന്നീട് പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാർമറിനെ പഞ്ചാബ് പോലീസ് വെടിവച്ച് കൊല്ലുകയായിരുന്നു.
Discussion about this post