തിരുവനന്തപുരം: മലയാള സിനിമയുടെ കാരണവര്‍ മധുവിന് ഇന്ന് നവതി. വേഷപ്പകർച്ചകളിലൂടെ ഒരു ജനതയുടെ മനസ്സിൽ ഇടംനേടിയ മലയാളത്തിന്റെ പ്രിയ നടൻ തൻ്റെ തൊണ്ണൂറാം പിറന്നാളിലും യൗവനത്തിന്റെ പ്രസരിപ്പിൽത്തന്നെയാണ്. തിരുവനന്തപുരം കണ്ണമ്മൂലയിലെ ശിവഭവനത്തിൽ അദ്ദേഹത്തിന്റെ നവതി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
മലയാളത്തിന്റെ മധു സാർ ആരാധകമനസ്സിൽ പ്രതിഷ്ഠിതനായിട്ടു അറുപതാണ്ടുകൾക്കപ്പുറമായിരിക്കുന്നു.. നായകനായും പ്രതിനായകനായും പ്രേക്ഷകരുടെ മനം കവർന്ന നിരവധി കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ അദ്ദേഹത്തിന്റെ പരീക്കുട്ടി എന്ന കഥാപാത്രവും അയാളുടെ നഷ്ടപ്രണയവും എന്നും മലയാളി മനസിന് തീരാനോവാണ്.
തിരുവന്തപുരത്ത് ഗൗരീശപട്ടത്ത് 1933 സെപ്റ്റംബർ 23നാണ് തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടെ മൂത്തമകനായി മാധവൻ നായർ എന്ന മധു ജനിച്ചത്.
ചലച്ചിത്രമേഖലയിലേക്ക് അദ്ദേഹം കടന്ന് വന്നത് 1962 -ൽ രാമു കാര്യാട്ടിന്റെ മൂടുപടം എന്ന സിനിമയിലൂടെ ആയിരുന്നു. എന്നാൽ ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരൻ നായർനിർമിച്ച് എൻ.എൻ പിഷാരടി സംവിധാനംചെയ്ത “നിണമണിഞ്ഞ കാല്പാടുകൾ” ആണ്. ഈ ചിത്രത്തിൽ പ്രേം നസീറിന്റെ നായകകഥാപാത്രത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മധു പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ നിർമ്മാതാക്കൾ സത്യനു വേണ്ടി മാറ്റി വെച്ച വേഷമായിരുന്നു അത്. നടനും സംവിധായകനും എഴുത്തുകാരനുമായ തിക്കുറിശ്ശി സുകുമാരൻ നായർ ആണ് മാധവൻ നായരെ മധു ആക്കി മാറ്റിയത്. 1969ൽ ക്വാജ അഹ്മദ് അബ്ബാസിന്റെ സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. ബോവുഡിലെ എക്കാലത്തെയും പ്രശസ്ത നടനായ അമിതാഭ് ബച്ചന്റെ ആദ്യചിത്രം കൂടിയാണിത് എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്.
പ്രേംനസീറും സത്യനും നിറഞ്ഞു നിൽക്കുന്ന കാലത്താണ് സിനിമയിൽ രംഗപ്രവേശം നടത്തിയതെങ്കിലും അധികം വൈകാതെ സ്വതസ്സിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഒരു ഇടം നേടിയെടുക്കാൻ മധുവിനായി. ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി അദ്ദേഹം പ്രേക്ഷകരുടെ മനം കവർന്നു.
Discussion about this post