മലപ്പുറം; സിപിഎം നേതാവ് കെ അനിൽകുമാറിന്റെ തട്ടവുമായി ബന്ധപ്പെട്ട പ്രസ്താവനയ്‌ക്കെതിരെ സമസ്ത രംഗത്ത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സിപിഎം ന്യൂനപക്ഷങ്ങളോട് അടുക്കുന്നത്. കമ്യൂണിസത്തിന്റെ അടിസ്ഥാനം മതനിഷേധമെന്നും, സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തായെന്നും അബ്ദുസമദ് പൂക്കോട്ടൂർ പ്രതികരിച്ചു. തട്ടം തട്ടി മാറ്റൽ പുരോഗതി അല്ല അധോഗതിയാണെന്ന് അദ്ദേഹം വിമർശിച്ചു.
മലപ്പുറത്ത് ഒരു പെൺകുട്ടി തട്ടമിടുന്നത് ശരിയല്ല, അതു ഇല്ലായ്മ ചെയ്തത് ഞങ്ങളാണ്, അതൊരു പുരോഗതിയാണ് എന്നാണ് അനിൽകുമാർ പറഞ്ഞത്. വ്യക്തിപരമായ അഭിപ്രായമായി അതിനെ ചുരുക്കിയാലും പാർട്ടിയെ സംബന്ധിച്ചിടത്തോളം പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ, ഞങ്ങൾ വരുത്തിയ പുരോഗതിയാണ് അതെന്നു പറയുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ അതു സ്വന്തം ആശയമല്ല, അതു പാർട്ടിയുടെ ആശയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം കൊണ്ടാണെന്നായിരുന്നു അനിൽ കുമാറിന്റെ പ്രസ്താവന. തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ യുക്തിവാദി സംഘടന സംഘടിപ്പിച്ച ലിറ്റ്മസ് നാസ്തിക സമ്മേളനത്തിലായിരുന്നു പരാമർശം നടത്തിയത്. ഇത് വ്യക്തിപരമായ പരാമർശം മാത്രം എന്നായിരുന്നു കെ ടി ജലീലിന്റെ പ്രസ്താവന.
Discussion about this post