മലയാളത്തിൽ എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായ 2018 ഇപ്പോൾ ഓസ്കാർ ജൂറിക്ക് മുൻപിലേക്കും എത്തുകയാണ്. ഈ വർഷം സമ്മാനിക്കുന്ന ഓസ്കാർ പുരസ്കാരങ്ങൾക്കായുള്ള ഇന്ത്യയുടെ ഔദ്യോഗിക നാമനിർദ്ദേശമാണ് 2018. ഇപ്പോൾ ചിത്രത്തിന്റെ സംവിധായകനായ ജൂഡ് ആന്റണി ജോസഫ് സാക്ഷാൽ തലൈവരെ കണ്ട് അനുഗ്രഹം വാങ്ങിയിരിക്കുകയാണ്.
എന്തൊരു അത്ഭുതകരമായ ദിവസമായിരുന്നു എന്നു പറഞ്ഞുകൊണ്ടാണ് ജൂഡ് ആന്റണി ജോസഫ് ഈ ചിത്രങ്ങൾ തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുള്ളത്. 2018 ശരിക്കും അതിശയിപ്പിച്ചുവെന്നായിരുന്നു രജനികാന്തിന്റെ ജൂഡിനെ അറിയിച്ചത്. 2018ന്റെ നിർമാതാക്കളായ ആന്റോ ജോസഫും വേണു കുന്നപ്പിള്ളിയും ഒന്നിച്ചാണ് ജൂഡ് രജനികാന്തിനെ സന്ദർശിക്കാനായി എത്തിയിരുന്നത്.
“എന്തൊരു സിനിമയാണ് ജൂഡ്, നിങ്ങൾ ഇത് എങ്ങനെ ഷൂട്ട് ചെയ്തു? ശരിക്കും അത്ഭുതകരമായിരുന്നു. പോയി ഓസ്കാർ കൊണ്ട് വാ, എന്റെ അനുഗ്രഹങ്ങളും പ്രാർത്ഥനകളും ഉണ്ടാവും ” എന്നായിരുന്നു തലൈവരുടെ വാക്കുകൾ എന്ന് ജൂഡ് ആന്റണി വിവരിക്കുന്നു. “ഈ അവിസ്മരണീയമായ അവസരത്തിന് ദൈവത്തിന് നന്ദി. ഇത് സാധ്യമാക്കിയതിന് എന്റെ പ്രിയ സുഹൃത്ത് സൗന്ദര്യയ്ക്ക് നന്ദി.” എന്നും പറഞ്ഞുകൊണ്ടാണ് ജുഡ് ആന്റണി ജോസഫ് പോസ്റ്റ് പങ്കുവെച്ചത്.
Discussion about this post