ഇടുക്കി: സിപിഎം നേതാക്കളുടെ തമ്മിലടിയെ തുടർന്ന് പൂട്ടിയ ബെവ്കോ ഔട്ട്ലെറ്റ് പത്ത് ദിവസം പിന്നിട്ടിട്ടും തുറന്നില്ല. അട്ടപ്പള്ളത്ത് നിന്നും ചെളിമടയിലേക്ക് മാറ്റിയ ഔട്ട്ലെറ്റാണ് നേതാക്കളുടെ തമ്മിലടിയെ തുടർന്ന് തുറക്കാൻ സാധിക്കാത്തത്. ഇതുവരെയുള്ള സർക്കാർ കണക്കുകൾ പ്രകാരം പൂട്ടിയിട്ട ദിവസങ്ങളിലെ നഷ്ടം അരക്കോടിയിലേറെ രൂപയാണ് എന്നാണ് വിവരം.
സിപിഎം നേതാവിന്റെ അട്ടപ്പള്ളത്തെ കെട്ടിടത്തിൽ നിന്നും ഒക്ടോബർ 14നാണ് ഔട്ട്ലെറ്റ് ചെളിമടയിലേക്ക് മാറ്റിയത്. എന്നാൽ രണ്ടര വർഷത്തോളം കോർപ്പറേഷന് അട്ടപ്പള്ളത്തെ ഔട്ട്‌ലറ്റുമായി കരാർ ഉണ്ടെന്നാണ് സിപിഎം നേതാവിന്റെ ആരോപണം. ഇതിനെ തുടർന്ന് ചെളിമടയിലേക്ക് മാറ്റിയ ഔട്ട്ലെറ്റ് നേതാവും കൂട്ടാളികളും ചേർന്ന് അടപ്പിച്ചു. ഒരു മണിക്കൂർ മാത്രം പ്രവർത്തിച്ച ഔട്ട്‌ലറ്റിൽ ഒന്നേകാൽ ലക്ഷത്തോളം രൂപയുടെ കച്ചവടം ഇതിനോടകം നടന്നിരുന്നു.
അതേസമയം ബിവറേജസ് ഔട്ട്ലെറ്റ് തുറക്കാത്തത് ബാർ ഉടമകൾ നേട്ടമാക്കുകയാണ്. സമീപത്തെ ബാറുകളിൽ കച്ചവടം തകൃതിയാണ്. കരിഞ്ചന്തയിലെ മദ്യവിൽപ്പനയും സജീവമാണ് എന്നാണ് വിവരം.
കുമളിയിലെ മറ്റൊരു സിപിഎം നേതാവിന്റെ ഇടപെടലിനെ തുടർന്നാണ് ബിവറേജസ് ഔട്ട്ലെറ്റ് ചെളിമടയിലേക്ക് മാറ്റിയത് എന്നാണ് മറുപക്ഷത്തിന്റെ ആരോപണം. അടച്ചിട്ടിരിക്കുന്ന ഔട്ട്ലെറ്റിലെ പൂജ അവധി ദിവസങ്ങളിലെ നഷ്ടം പ്രതിദിനം ഒൻപത് ലക്ഷം രൂപ വരെയാണ് എന്നാണ് ജീവനക്കാർ പറയുന്നത്. എന്നാൽ വിഷയത്തിൽ കോടതി വിധി വരുന്നത് വരെ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല എന്നാണ് നേതാക്കളുടെ നിലപാട്.
Discussion about this post