ടെൽ അവീവ്: സാധാരണക്കാരെ കവചമാക്കി ഹമാസ് ചെയ്യുന്നത് പൊറുക്കാനാവാത്ത അപരാധമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇസ്രയേലിനൊപ്പം നിൽക്കുമെന്നും ബൈഡൻ വ്യക്തമാക്കി.
പലസ്തീൻ ജനതയുടെ ഭൂരിപക്ഷ പിന്തുണയില്ലാത്ത സംഘമാണ് ഹമാസ്. സാധാരണക്കാരെ കവചമാക്കുന്ന ഹമാസിന്റെ നടപടി ഭീരുത്വമാണെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ ബൈഡൻ പറഞ്ഞു. നേരത്തേ, ഗാസ സംഘർഷത്തിൽ അമേരിക്ക അവതരിപ്പിച്ച പ്രമേയം യു എൻ രക്ഷാ സമിതിയിൽ റഷ്യയും ചൈനയും വീറ്റോ ചെയ്തിരുന്നു.
അതേസമയം, പശ്ചിമേഷ്യയിൽ ഇപ്പോൾ നടക്കുന്ന മനുഷ്യക്കുരുതിക്ക് ഉത്തരവാദികൾ ഹമാസാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു പറഞ്ഞു. നിരാലംബരുടെ മനുഷ്യക്കുരുതിക്ക് അറുതി വരുത്താതെ വിശ്രമമില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഗാസയിലേക്ക് ഇരച്ചു കയറാൻ ഇസ്രയേൻ സേന സന്നദ്ധമാണെന്നും, കരയുദ്ധത്തിനുള്ള ഉത്തരവ് ലഭിച്ചാൽ ഉടൻ തന്നെ മുന്നേറ്റം ആരംഭിക്കുമെന്നും സൈന്യം വ്യക്തമാക്കി.
ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യ കൊണ്ടു വന്ന പ്രമേയവും ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ പാസായില്ല. അമേരിക്കയും ബ്രിട്ടണും വിരുദ്ധ നിലപാട് സ്വീകരിച്ചതോടെ, ചൈനീസ് പിന്തുണയോടെ റഷ്യ കൊണ്ടുവന്ന പ്രമേയം വീറ്റോ ചെയ്യപ്പെട്ടു.
Discussion about this post