ഗാസ: ഒക്ടോബർ 7ലെ ഭീകരാക്രമണത്തിലൂടെ ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസ് നേതാക്കൾ. എന്നാൽ അതിന് കുറച്ച് കൂടി സമയം ആവശ്യമാണ്. ഇസ്രയേൽ വ്യോമാക്രമണം ശക്തമായി തുടരുന്ന സാഹചര്യത്തിൽ, വിവിധയിടങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ബന്ദികളെ കണ്ടെത്താൻ സാധിക്കുന്നില്ല എന്നാണ് ഹമാസ് നേതാക്കൾ പറയുന്നത്.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ സന്ദർശനം നടത്തിയ ഹമാസ് പ്രതിനിധി അബു ഹമീദ് ആണ് അന്താരാഷ്ട്ര മാദ്ധ്യമത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹമാസിന്റെ വിവിധ ഗ്രൂപ്പുകളാണ് ഇസ്രയേലിൽ നിന്നും പിടികൂടിയവരെ ബന്ദികളാക്കി വെച്ചിരിക്കുന്നത്. യുദ്ധം ശക്തമായി തുടരുന്നതിനാൽ ഗ്രൂപ്പുകൾ തമ്മിലുള്ള ഏകോപനവും ആശയവിനിമയവും നടക്കുന്നില്ലെന്നും ഹമീദ് പറഞ്ഞു.
ഗാസയിലേക്കുള്ള വ്യോമാക്രമണം അവസാനിപ്പിക്കാൻ ഇസ്രയേൽ തയ്യാറായാൽ ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്ന് ഇറാൻ നേരത്തേ അറിയിച്ചിരുന്നു. ഇറാൻ വിദേശകാര്യ സഹമന്ത്രി അലി ബഖേരി കനിയും കഴിഞ്ഞ ദിവസം മോസ്കോയിൽ എത്തിയിരുന്നു. ഹമാസ് അന്താരാഷ്ട്ര സഹകരണ തലവൻ മൂസ അബു മർസോകുമായി കനി റഷ്യൻ വിദേശകാര്യ സഹമന്ത്രി മിഖായേൽ ബോഗ്ദനോവിന്റെ സാന്നിദ്ധ്യത്തിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഗാസ മുനമ്പിൽ നിർമ്മിച്ച വിവിധ തുരങ്കങ്ങളിലായാണ് ബന്ദികളെ പാർപ്പിച്ചിരിക്കുന്നത് എന്നാണ് ഹമാസ് അവകാശപ്പെടുന്നത്. ഈ തുരങ്കങ്ങളാണ് ഹമാസ് ഭീകരർക്ക് ഒളിത്താവളം ഒരുക്കുന്നതും. ഇവിടെയാണ് ഭീകരർ റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ സംഭരിച്ച് വെച്ചിരിക്കുന്നത്.
ഗാസയിൽ ഇത്തരത്തിലുള്ള മുന്നൂറോളം തുരങ്കങ്ങൾ ഉണ്ടെന്നാണ് സൂചന. ഇവയിൽ ചിലത് ഈജിപ്ത് വരെ നീളുന്നതാണ്. നൂറ്റിയൻപത് അടി നീളമുള്ള ഒരു ഭൂഗർഭ നഗരം തന്നെ ഗാസക്ക് സമാന്തരമായി ഹമാസ് പണികഴിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ മേഖലകളിലേക്ക് നീളുന്ന തുരങ്കങ്ങൾ ഇസ്രയേൽ നശിപ്പിച്ചതായാണ് വിവരം. തങ്ങളുടെ പ്രദേശത്തേക്ക് തുറക്കുന്ന തുരങ്കങ്ങൾ ഈജിപ്തും അടച്ചിട്ടുണ്ട്.
ഈ തുരങ്കങ്ങളെ നിസ്സാരമായി തകർക്കാൻ ഇസ്രയേലിന് ശേഷിയുണ്ടെങ്കിലും, അവർ അതിന് മുതിരാത്തത്, ഇവയിൽ പല തുരങ്കങ്ങളും ജനവാസ മേഖലകൾക്ക് അടിയിലാണ് എന്നതിനാലാണ്. അതേസമയം, ബന്ദികൾ തുരങ്കങ്ങൾക്കുള്ളിലാണെന്ന ഹമാസിന്റെ വാദം, ഇസ്രയേൽ ആക്രമണങ്ങളിൽ നിന്നും രക്ഷ നേടാനാണ് എന്ന ആരോപണങ്ങളും ശക്തമാണ്.
Discussion about this post