കൊച്ചി: നടനും ബിജെപി നേതാവും മുൻ എംപിയുമായ സുരേഷ് ഗോപിയെ സ്വഭാവഹത്യ നടത്താൻ ആസൂത്രിത നീക്കം. മാദ്ധ്യമപ്രവർത്തകയുടെ പരാതിയുടെ മറപിടിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടുളള വ്യാപക സോഷ്യൽ മീഡിയ പ്രചാരണമാണ് നടക്കുന്നത്. മാദ്ധ്യമപ്രവർത്തകരിലെ വലിയ വിഭാഗം വരുന്ന ബിജെപി വിരുദ്ധർ ഉൾപ്പെടെയാണ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ ജയസാദ്ധ്യതയെക്കുറിച്ചുളള ചർച്ചകൾ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ സജീവമായ ഘട്ടത്തിലാണ് വ്യക്തിപരമായി അധിക്ഷേപിക്കാനും സ്വഭാവഹത്യ നടത്താനുമുളള ആസൂത്രിത നീക്കം. ഇന്നലെ കോഴിക്കോട് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെ മീഡിയ വൺ ലേഖികയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. എന്നാൽ മുഖ്യധാരാ മാദ്ധ്യമങ്ങൾ ഉൾപ്പെടെ ഇരുപത്തിയഞ്ചോളം മാദ്ധ്യമപ്രവർത്തകർക്കും ചാനൽ ക്യാമറകൾക്കും മുൻപിൽ നടന്ന സംഭവത്തെ വളച്ചൊടിക്കുകയായിരുന്നുവെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു.
വരുന്ന തിരഞ്ഞെടുപ്പിലെ തന്റെ ജയസാദ്ധ്യതയെക്കുറിച്ച് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ നടന്ന സംഭവമാണ് സുരേഷ് ഗോപിയെ വ്യക്തിഹത്യ ചെയ്യാൻ ഉപയോഗിക്കുന്നത്. സുരേഷ് ഗോപിയുടെ തൊട്ടടുത്ത് നിന്ന മീഡിയ വൺ ലേഖിക രാഷ്ട്രീയ ലക്ഷ്യത്തോടുളള ചോദ്യങ്ങൾ അദ്ദേഹത്തെ പ്രകോപിപ്പിക്കുന്ന വിധത്തിൽ തുടർച്ചയായി ചോദിക്കുന്നുണ്ടായിരുന്നു. അതിന് മറുപടി പറയുന്നതിനിടെ ലേഖികയുടെ തോളിൽ സുരേഷ് ഗോപി കൈവെക്കുന്ന ദൃശ്യങ്ങൾ മാത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചാണ് സ്വഭാവഹത്യയ്ക്ക് ആസൂത്രിത ശ്രമം നടത്തുന്നത്.
ഇഷ്ടമല്ലാത്ത ചോദ്യങ്ങൾ ചോദിച്ചതിന് വനിതാ മാദ്ധ്യമപ്രവർത്തകയെ തോളിൽ കൈവെച്ച് അപമാനിച്ചുവെന്നാണ് പ്രചാരണം. എന്നാൽ അതിന് ശേഷവും അദ്ദേഹം അവരുടെ ചോദ്യങ്ങൾക്ക് വിശദമായ മറുപടി നൽകുന്നുണ്ട്. ഈ ദൃശ്യങ്ങൾ മുറിച്ചുമാറ്റിയാണ് സോഷ്യൽ മീഡിയ പ്രചാരണം. പരാതിക്ക് പിന്നിൽ മീഡിയ വണ്ണിന്റെ രാഷ്ട്രീയ താൽപര്യമാണെന്നും വിമർശനം ഉയർന്നുകഴിഞ്ഞു. നേരത്തെ മീഡിയ വൺ ചാനലിന്റെ ലൈസൻസ് കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. ഇതിലുളള വിരോധവും പിന്നിലുണ്ടെന്നാണ് ആക്ഷേപം. പരാതിയിൽ തുടർ നിയമനടപടി സ്വീകരിക്കാൻ ജീവനക്കാരിക്ക് പൂർണ പിന്തുണ നൽകുമെന്ന് മീഡിയ വൺ മാനേജ്‌മെന്റ് വ്യക്തമാക്കിയതും രാഷ്ട്രീയ ഗൂഢാലോചനയുടെ സംശയം വർദ്ധിപ്പിക്കുന്നു.
സുരേഷ് ഗോപി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ പ്രസ്താവന ഇറക്കിയതും പ്രചാരവേലക്കാർ ആയുധമാക്കി. ഇതും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പത്രപ്രവർത്തക യൂണിയനിലെ കടുത്ത ഇടത് അനുകൂലികളാണ് വിവാദത്തിന് പിന്നിലെന്ന വിമർശനവും ശക്തമാണ്. സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്നും യൂണിയൻ വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.
സിനിമയിലും പൊതുജീവിതത്തിലും ഇത്തരം യാതൊരു ആരോപണവും ഇതുവരെ ഉയർന്നുവന്നിട്ടില്ലാത്ത വ്യക്തിത്വമാണ് സുരേഷ് ഗോപിയുടേത്. അതാണ് ആരോപണത്തിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ചുളള സംശയം ബലപ്പെടുത്തുന്നതും.
Discussion about this post