തിരുവനന്തപുരം: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനും മുൻ എം പി സുരേഷ് ഗോപിക്കുമെതിരെ കേസെടുത്ത സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന ബിജെപി നേതാവും മിസോറം മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ. യാതൊരുവിധ ന്യായമോ തത്ത്വദീക്ഷയോ ഇല്ലാതെയാണ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനും ചലച്ചിത്ര നടൻ സുരേഷ് ഗോപിക്കുമെതിരെ കേരള സർക്കാർ കേസുകൾ രജിസ്റ്റർ ചെയ്തത്. വ്യക്തമായ വിശദീകരണം നൽകിയിട്ടും ആരോപിക്കുന്ന കുറ്റകൃത്യം ചെയ്തിട്ടില്ലെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും അവരെ എങ്ങനെയും കുറ്റവാളികളാക്കി ചിത്രീകരിച്ചു പകവീട്ടണമെന്ന ദുഷ്ടലാക്കോടെയാണ് സർക്കാരിന്റെ നീക്കമെന്ന് കുമ്മനം പറഞ്ഞു.
യശോ ഹത്യയിലൂടെ വ്യക്തി വിദ്വേഷമുണ്ടാക്കി രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുക എന്ന ഫാസിസ്റ്റ് പ്രവണതയാണ് ഈ കേസുകൾക്ക് പിന്നിലുള്ളത്. ആശയം കൊണ്ടോ ആദർശം കൊണ്ടോ സുരേഷ് ഗോപിയേയും രാജീവ് ചന്ദ്രശേഖറിനേയും നേരിടാനാവില്ലെന്ന് മനസിലാക്കിയ സിപിഎം, അധികാരത്തിന്റെ ശക്തി ദുരുപയോഗപ്പെടുത്തി പകവീട്ടുകയാണ്. രൂക്ഷമായിക്കൊണ്ടിരിക്കുന്ന ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ മാറ്റുവാനാണ് അപ്രസക്തവും അപ്രധാനവുമായ വിഷയങ്ങളെ പർവ്വതീകരിച്ച് കാണിച്ച് സുരേഷ് ഗോപിയേയും രാജീവ് ചന്ദ്രശഖറിനേയും അധിക്ഷേപിക്കുവാനും ഒറ്റപ്പെടുത്തുവാനും സർക്കാർ ശ്രമിക്കുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി.
എല്ലാ രംഗത്തും കേരളം നേടി എന്ന് കേരളീയം പരിപാടിയിൽ വീമ്പിളക്കുന്ന മുഖ്യമന്ത്രിക്ക് മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് സംഭവിച്ച അധ:പതനത്തെക്കുറിച്ച് മിണ്ടാട്ടമില്ല. എതിർപക്ഷത്തുളളവരുടെ നാവ് അരിഞ്ഞും അവരെ കളളക്കേസിൽ കുടുക്കിയും നിശബ്ദമാക്കിയും അടക്കി വാഴാൻ നടത്തുന്ന ഏതൊരു ശ്രമത്തെയും ജനാധിപത്യ വിശ്വാസികൾ ചെറുത്തു തോല്പിക്കുമെന്നും കുമ്മനം വ്യക്തമാക്കി.
Discussion about this post