ഗുവാഹട്ടി; അസമില്‍ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഉള്‍പ്പെടെ പാര്‍ട്ടി വിട്ടു. യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് പൊരിതുഷ് റോയിയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബര്‍ഹാംപൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ബോറയുമാണ് രാജിവെച്ചത്. കോണ്‍ഗ്രസിന്റെ നിലവിലെ പ്രവര്‍ത്തന രീതിയില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് ഇരുനേതാക്കളും പാര്‍ട്ടി വിട്ടത്. ഇവര്‍ ബിജെപിയിൽ ചേരും.
അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ്മയെ ഇരുവരും സന്ദർശിച്ചു. ഇവർക്കൊപ്പം തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന ദിലീപ് ശർമ്മയും ബിജെപിയിലെത്തും. ഇൻഡി സഖ്യത്തിലെ അതൃപ്തി വ്യക്തമാക്കിയാണ് നേതാക്കൾ പാർട്ടി വിട്ടതെന്ന് ബിജെപി അസം ഘടകം പറഞ്ഞു.
പാര്‍ട്ടിയുടെ നഗോണ്‍ ജില്ലാ പ്രസിഡന്റായിരുന്നു സുരേഷ് ബോറ. 2021 ല്‍ ബര്‍ഹാംപൂര്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു. 751 വോട്ടിനായിരുന്നു ബിജെപിയുടെ ജിതു ഗോസ്വാമിയോട് സുരേഷ് ബോറ പരാജയപ്പെട്ടത്.
രാജിക്കത്തില്‍ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുടെ പിന്തുണയ്ക്കും തന്ന അവസരങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തിയ സുരേഷ് ബോറ നിലവിലെ സാഹചര്യത്തില്‍ രാജി വെയ്ക്കുന്നതാണ് വ്യക്തിപരമായും പാര്‍ട്ടിക്കും നല്ലതെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേഷ് ബോറ തീരുമാനം അറിയിച്ചത്. സമൂഹത്തിന്റെ താഴേത്തട്ടില്‍ നിന്ന് വരുന്ന ഞങ്ങളെപ്പോലുള്ളവരുടെ ശബ്ദം പാര്‍ട്ടിയില്‍ കേള്‍ക്കുന്നില്ലെന്ന് പൊരിതുഷ് റോയ് രാജിക്കത്തില്‍ കുറ്റപ്പെടുത്തുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റക്കിബുള്‍ ഹുസൈനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാക്കളാണ് ഇരുവരും.
Discussion about this post