തിരുവനന്തപുരം: ഗണപതി ഭഗവാനെ അധിക്ഷേപിച്ച സ്പീക്കർ എ എൻ ഷംസീറിന്റെ നടപടിയിൽ പ്രതിഷേധിച്ച് എൻ എസ് എസ് നടത്തിയ നാമജപയാത്രയിൽ ക്രമസമാധാന പ്രശ്നം ഉണ്ടായിട്ടില്ലെന്ന് പോലീസ്. അതിനാൽ കേസിൽ തുടരന്വേഷണം ആവശ്യമില്ലെന്ന് കാട്ടി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് കോടതി അംഗീകരിച്ചതോടെ, നാമജപക്കേസ് അവസാനിച്ചു.
ഗണപതി മിത്ത് ആണെന്ന ഷംസീറിന്റെ പ്രസ്താവനക്കെതിരെ ഓഗസ്റ്റ് 2നായിരുന്നു എൻ എസ് എസ് തിരുവനന്തപുരത്ത് നാമജപയാത്ര സംഘടിപ്പിച്ചത്. പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി വരെ നടത്തിയ യാത്രയിൽ എൻ എസ് എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഉൾപ്പെടെ ആയിരത്തോളം പേരെ പ്രതിയാക്കി കന്റോണ്മെന്റ് പോലീസ് കേസ് എടുക്കുകയായിരുന്നു.
പോലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘം ചേർന്നു, ഗതാഗത തടസം ഉണ്ടാക്കി എന്നീ കാരണങ്ങൾ ചുമത്തിയായിരുന്നു കേസെടുത്തത്. അനുമതി ഇല്ലാതെയാണ് മാർച്ച് നടത്തിയത് എന്നായിരുന്നു അന്നത്തെ സർക്കാർ നിലപാട്.
Discussion about this post