വയനാട്: നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിമാരും മന്ത്രിമാരും യാത്ര ചെയ്യുന്ന ആഡംബര ബസ് ചെളിയിൽ പുതഞ്ഞു. മാനന്തവാടിയിൽ വെച്ചാണ് ബസിന്റെ ടയർ ചെളിയിൽ പുതഞ്ഞത്. തുടർന്ന് പോലീസും സിപിഎം പ്രവർത്തകരും ചേർന്ന് ബസ് കെട്ടി വലിച്ച് തിരികെ റോഡിലേക്ക് കയറ്റുകയായിരുന്നു.
നവകേരള സദസ്സിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയാണ് ബസ് ചെളിയിൽ പുതഞ്ഞത്. മന്ത്രിമാരെ ഇറക്കിയ ശേഷം ബസ് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ബസ് ചെളിയിൽ നിന്നും തിരികെ റോഡിൽ കയറ്റിയത്.
അതേസമയം, നവ കേരള സദസ് തടയുമെന്ന ഭീഷണിക്കത്ത് പ്രചരിച്ച വയനാട്ടിൽ വെച്ച് തന്നെ ബസ് ചെളിയിൽ പുതഞ്ഞത് സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചയായി. സിപിഐ എംഎല്ലിന്റെ പേരിൽ തയ്യാറാക്കിയ ഭീഷണിക്കത്ത് വയനാട് കലക്ടറേറ്റിലാണ് ലഭിച്ചത്.
കുത്തക മുതലാളിമാർക്കും മത തീവ്രവാദികൾക്കും കീഴടങ്ങിയ കേരള സർക്കാരിനെ കൽപ്പറ്റയിൽ നടക്കുന്ന നവ കേരളസഭയിൽ പാഠം പഠിപ്പിക്കുമെന്നായിരുന്നു കത്തിലെ ഭീഷണി. സിപിഐഎംൽ വയനാട് ഘടകത്തിന്റെ പേരിലായിരുന്നു കത്ത് ലഭിച്ചത്.
Discussion about this post