ഭോപ്പാൽ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്ന നാല് സംസ്ഥാനങ്ങളിൽ മൂന്നെണ്ണത്തിലും ഭരണം ഉറപ്പിച്ച് ബിജെപി. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ വലിയ മുന്നേറ്റമാണ് ബിജെപി നടത്തുന്നത്. ഇതോടെ ബിജെപി ആഘോഷം ആരംഭിച്ചു.
മദ്ധ്യപ്രദേശിൽ കേവല ഭൂരിപവും മറികടന്നാണ് ബിജെപിയുടെ കുതിപ്പ്. നിലവിൽ 161 സീറ്റിൽ ബിജെപി മുന്നേറുന്നുണ്ട്. വൻ ഭൂരിപക്ഷത്തിൽ ബിജെപി കുതിയ്ക്കുമ്പോൾ കേവലം 68 സീറ്റുകളിലേക്ക് ഒതുങ്ങി കോൺഗ്രസ് കിതയ്ക്കുകയാണ്. ആകെ 230 സീറ്റുകളാണ് മദ്ധ്യപ്രദേശിൽ ഉള്ളത്. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ തന്നെ വ്യക്തമായ ലീഡ് ബിജെപി നിലനിർത്തിയിരുന്നു.
രാജസ്ഥാനിൽ 115 സീറ്റുകളിൽ ലീഡ് നിലനിർത്തിയാണ് ബിജെപി ഭരണം ഉറപ്പിക്കുന്നത്. 74 സീറ്റുകളിലേക്ക് കോൺഗ്രസ് ഒതുങ്ങി. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മിനിറ്റുകൾ രാജസ്ഥാൻ കോൺഗ്രസിനൊപ്പം നിന്നെങ്കിലും പിന്നീട് മാറിമറിയുകയായിരുന്നു. പിന്നീടുള്ള മണിക്കൂറുകളിൽ ലീഡ് നിലനിർത്താൻ ബിജെപിയ്ക്ക് കഴിഞ്ഞു.
ഛത്തീസ്ഗഡിൽ ഇഞ്ചോടിച്ച് മത്സരിച്ച ശേഷമായിരുന്നു ബിജെപി ആധിപത്യം ഉറപ്പിച്ചത്. നിലവിൽ 51 സീറ്റുകളിൽ ബിജപി മുന്നേറുകയാണ്. ഇവിടെയും കേവല ഭൂരിപക്ഷം മറികടന്നതോടെ ബിജെപി ഭരണം ഉറപ്പിച്ചിട്ടുണ്ട്. ശക്തമായ സ്വാധീനം ഉണ്ടെന്ന് കോൺഗ്രസ് വിശ്വസിച്ച സംസ്ഥാനത്ത് 36 സീറ്റുകളിൽ പാർട്ടി ഒതുങ്ങി.
Discussion about this post