സന്നിധാനം; ശബരിമലയിൽ അയ്യപ്പൻമാർക്ക് ചുക്കുവെളളവും സ്‌നാക്‌സും യഥേഷ്ടം കൊടുക്കുന്നുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത്. നീലിമല മുതൽ സന്നിധാനം വരെ 36 കൗണ്ടറുകളിൽ ഇവ നൽകുന്നുണ്ട്. സ്‌നാക്‌സായി നൽകുന്ന ബിസ്‌ക്കറ്റുകൾ ആവശ്യത്തിന് സംഭരിച്ചിട്ടുണ്ടെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
മണിക്കൂറുകളോളം ക്യൂവിൽ നിൽക്കുന്ന അയ്യപ്പൻമാർക്ക് വെളളമോ ഭക്ഷണമോ ഇല്ലെന്ന് അയ്യപ്പൻമാർ തന്നെ ചാനൽ ക്യാമറകൾക്ക് മുൻപിൽ തുറന്നുപറഞ്ഞിരുന്നു. ഈ വാർത്തകൾ വലിയ രീതിയിൽ ചർച്ചയാകുന്നതിനിടയ്ക്കാണ് എല്ലാം സ്‌റ്റോക്കുണ്ടെന്നും യഥേഷ്ടം വിതരണം ചെയ്യുന്നുണ്ടെന്നുമുളള ദേവസ്വം പ്രസിഡന്റിന്റെ അവകാശവാദം. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ വീഴ്ച പറ്റിയെന്നും വാർത്താസമ്മേളനത്തിൽ ദേവസ്വം പ്രസിഡന്റ് തുറന്നു സമ്മതിച്ചു.
48 ലക്ഷത്തോളം ബിസ്‌ക്കറ്റുകൾ വിതരണം ചെയ്തുകഴിഞ്ഞു. എത്ര വേണേലും കൊടുക്കാൻ തയ്യാറാണെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു. അന്നദാനം രാവിലെ 6 മണിക്ക് തുടങ്ങും. തിരക്ക് നിയന്ത്രിക്കാനുളള ഡൈനാമിക് ക്യൂ സംവിധാനം ഇക്കൊല്ലം പ്രാവർത്തികമായെന്നും ദേവസ്വം പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ആറ് ക്യൂ കോംപ്ലെക്‌സുകളിലായി 18 കംപാർട്ട്‌മെന്റുകളാണ് ഡൈനാമിക് ക്യൂ സംവിധാനത്തിലുളളത്. ഇതിൽ 4500 പേർക്ക് വിശ്രമിക്കാൻ കഴിയുന്ന സൗകര്യമുണ്ട്. ഒരു കംപാർട്ട്‌മെന്റിൽ 200 – 250 പേർക്ക് വിശ്രമിക്കാം. 2016 മുതൽ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തനം നടന്നിരുന്നു. പക്ഷെ ഇക്കൊല്ലമാണ് പ്രാവർത്തികമായത്. നീലിമലയും അപ്പാച്ചിമേടും കടന്നുവരുന്ന അയ്യപ്പൻമാർക്ക് ആരോഗ്യ സംരക്ഷണത്തിന് വിശ്രമിക്കാനുള്ള സംവിധാനമാണ് ക്യൂ കോംപ്ലക്‌സുകൾ. ഇവിടെ 144 ശുചിമുറികളും 96 യൂറിനറികളുമുണ്ടെന്നും ദേവസ്വം പ്രസിഡന്റ് വിശദീകരിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ ദേവസ്വം ബോർഡും പോലീസും സർക്കാരും അമ്പേ പരാജയപ്പെട്ടതിനിടയിലാണ് സൗകര്യങ്ങൾ ദേവസ്വം പ്രസിഡന്റ് വിശദീകരിക്കുന്നത്. അപ്പവും അരവണയും സ്റ്റോക്കുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. അരവണയ്ക്ക് 18 കൗണ്ടറുകൾ ഉണ്ട്. അപ്പത്തിൽ രണ്ട് ലക്ഷത്തിലധികം സ്റ്റോക്കുണ്ട്. 80000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് ദിവസവും കച്ചവടം. അരവണ ദിവസവും രണ്ട് ലക്ഷം രൂപയുടെ വിൽപനയാണ് നടന്നത്. തിരക്ക് ഉയർന്നതോടെ ഇത് മൂന്ന് ലക്ഷമായി ഉയർന്നു. 2,10,000 ടിൻ അരവണ ഉൽപാദിപ്പിക്കാനുളള സംവിധാനമുണ്ട്. ഏറ്റവും പ്രധാനമായും ഉറപ്പുവരുത്തേണ്ടത് ഇതാണല്ലോയെന്നും അത് യഥേഷ്ടം ഭക്തർ വാങ്ങിക്കൊണ്ടിരിക്കുകയാണെന്നും പി.എസ് പ്രശാന്ത് കൂട്ടിച്ചേർത്തു.
ശബരിമലയിൽ തിരക്ക് ആദ്യമല്ല. കഴിഞ്ഞ വർഷം ഒരു ലക്ഷത്തി ഇരുപതിനായിരം പേർക്ക് വരെ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് ദർശനം നടത്താമായിരുന്നു. പ്രത്യേക ഘട്ടത്തിൽ തിരക്ക് വന്നപ്പോൾ അത് കുറച്ച് 90000 ആക്കി. ഇപ്പോൾ വീണ്ടും തിരക്ക് കൂടിയപ്പോഴാണ് 80,000 ആക്കി ചുരുക്കിയതെന്നും ദേവസ്വം പ്രസിഡന്റ് പറയുന്നു.
Discussion about this post