പമ്പ: കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ബിജെപിയുടെ പ്രതിനിധി സംഘം ശബരിമല സന്ദർശിക്കാനിരിക്കെ നവകേരള സദസ്സ് ഉപേക്ഷിച്ച് ഓടിപ്പാഞ്ഞ് പമ്പയിലെത്തി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. കോട്ടയത്തെ നവകേരള സദസ്സിന്റെ പരിപാടികൾ ഉപേക്ഷിച്ചാണ് മന്ത്രി ബിജെപി നേതാക്കൾ എത്തുന്നതിന്റെ തൊട്ടുമുൻപ് പമ്പയിയിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ അയ്യപ്പഭക്തരുടെ ദുരിത വാർത്തകൾ പുറത്ത് വന്നപ്പോഴും മുഖ്യമന്ത്രിയോ ദേവസ്വം മന്ത്രിയോ പമ്പയിലോ സന്നിധാനത്തോ എത്തിയിരുന്നില്ല.
ശബരിമലയിലെത്തിയ അന്യസംസ്ഥാനക്കാരായ ഭക്തർ ഉൾപ്പെടെ സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും പിടിപ്പുകേടിനെ നിശിതമായി ചാനൽ ക്യാമറകൾക്ക് മുമ്പിൽ വിമർശിക്കുകയും ചെയ്തിരുന്നു. സന്നിധാനത്ത് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്ന അയ്യപ്പൻമാർ ഡൗൺ ഡൗൺ കേരള സിഎം എന്ന മുദ്രാവാക്യം ഉറക്കെ വിളിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു.
എരുമേലി, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് ദേവസ്വം മന്ത്രി എത്തിയത്. നവകേരള സദസ്സിന്റെ കോട്ടയത്തെ പ്രഭാത യോഗത്തിൽ പങ്കെടുത്ത ശേഷമാണ് മന്ത്രി പമ്പയ്ക്ക് തിരിച്ചത്. എരുമേലിയിലും നിലയ്ക്കലും വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്തതായി മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. കെഎസ്ആർടിസി ബസിലാണ് നിലയ്ക്കലിൽ നിന്ന് പമ്പയിലെത്തിയത്.
കഴിഞ്ഞ ദിവസം പമ്പയിലേക്കുളള ബസുകൾ പിടിച്ചിട്ടതുകാരണം നിരവധി ഭക്തർ മണിക്കൂറുകളോളം നിലയ്ക്കലിൽ കുടുങ്ങിയിരുന്നു. കെഎസ്ആർടിസി ബസുകളിൽ നിലയ്ക്കലിൽ നിന്ന് അയ്യപ്പൻമാരെ കുത്തിനിറച്ചുകൊണ്ടുപോകുന്നതും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. എംഎൽഎമാരായ പ്രമോദ് നാരായണൻ, കെയു ജെനീഷ് കുമാർ, ദേവസ്വം സെക്രട്ടറി എംജി രാജമാണിക്യം എന്നിവരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
പമ്പയിൽ ഉദ്യോഗസ്ഥരുടെ വിപുലമായ യോഗം വിളിച്ച് സംസാരിച്ചതായും കൂടുതൽ ഏകോപനത്തിന് മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. കുമ്മനം രാജശേഖരൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് ജി. രാമൻനായർ, ബിജെപി പത്തനംതിട്ട, കോട്ടയം ജില്ലാ പ്രസിഡന്റുമാരായ വി. എ. സൂരജ്, ജി. ലിജിൻലാൽ എന്നിവരും വിവിധ അയ്യപ്പഭക്തസംഘടനാ പ്രതിനിധികളുമാണ് ബിജെപിയുടെ പ്രതിനിധി സംഘത്തിലുണ്ടാകുക. സന്ദർശനത്തിന് മുന്നോടിയായി ശബരിമലയിലെ പിടിപ്പുകേടും സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും വീഴ്ചകളും കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post