തിരുവനന്തപുരം : എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തേത്തുടർന്ന് ബിരുദ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷവിമർശനവുമായി കേന്ദ്ര വിദേശകാര്യമന്ത്രി വി മുരളീധരൻ. സിദ്ധാർഥിന് നേരിടേണ്ടി വന്നത് കാട്ടുനീതിയാണെന്ന് അദ്ദേഹം പറഞ്ഞു. ആൾക്കൂട്ടവിചാരണ നടത്തി ഒരു ചെറുപ്പക്കാരനെ തല്ലിക്കൊന്നവരെ സംരക്ഷിക്കുന്ന സിപിഎം കാട്ടുനീതിയുടെ കാവൽക്കാരാണെന്നും വി മുരളീധരൻ വ്യക്തമാക്കി.
കേട്ടുകേൾവിയില്ലാത്ത ഈ കൊടുംക്രൂരത മറച്ചു വച്ച കോളജ് അധികാരികൾക്ക് മാപ്പില്ല. ഭരണകക്ഷിയെ ഭയന്നാണ് എല്ലാം ഒളിച്ചുവച്ചതെന്ന് വ്യക്തമാണ്. ഉന്നതവിദ്യാഭ്യാസ കേന്ദ്രത്തെ ‘ മികവിന്റെ കേന്ദ്രങ്ങളാണോ’ ‘ഗൂണ്ട നിർമാണ ഫാക്ടറികളാണോ’ ആക്കുന്നതെന്ന് പിണറായി വ്യക്തമാക്കണം. പൂക്കോട് കോളജിലെ കൊടി സുനിമാരെ സംരക്ഷിക്കുന്ന സിപിഎമ്മിനെ ജനം വിചാരണ ചെയ്യട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിദ്ധാർഥിന് നീതി ഉറപ്പാക്കാൻ ഒന്നിച്ച് പോരാടാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പതിനെട്ടാം തീയതിയാണ് വെറ്റിനറി സർവ്വകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്എഫ്ഐക്കാരുടെ ക്രൂരമർദ്ദനത്തിന് പിന്നാലെ സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 18 പേർ ചേർന്നായിരുന്നു സിദ്ധാർത്ഥിനെ മർദ്ദിച്ചത്. ഇതിൽ പ്രധാനപ്രതിയുൾപ്പെടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 11 പ്രതികൾ ഒളിവിലാണ്.
ഇൻക്വസ്റ്റിൽ ശരീരത്തിൽ നിരവധി പാടുകൾ ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എസ്എഫ്ഐക്കാർ മർദ്ദിച്ചതായി വ്യക്തമായത്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.
Discussion about this post