കമൽ- മമ്മൂട്ടി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രമാണ് രാപ്പകൽ. വൻ താരനിര അണിനിരന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് സെറ്റിലുണ്ടായ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് കമൽ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലായിരുന്നു കമലിന്റെ വെളിപ്പെടുത്തൽ.
ചിത്രത്തിന്റെ ഷൂട്ടിംഗ് സമയം കുറച്ച് ടെൻഷൻ നിറഞ്ഞതായിരുന്നുവെന്നാണ് കമൽ പറയുന്നത്. ചിത്രീകരണ സമയത്ത് മമ്മൂട്ടിയുടെ മകൾ സുറുമി ഗർഭിണിയായിരുന്നു. എന്നാൽ, അതിനെ കുറിച്ച് പുറത്തുപറയാൻ അദ്ദേഹത്തിന് താൽപ്പര്യമുണ്ടായിരുന്നില്ല. പുറത്ത് പറയരുതെന്ന് തന്നോടും ചട്ടം കെട്ടിയിരുന്നു. അന്നൊക്കെ അദ്ദേഹം വലിയ ടെൻഷനിൽ ആയിരുന്നുവെന്നും കമൽ ഓർത്തെടുക്കുന്നു.
‘ആ സമയത്ത് മമ്മുക്കയുടെ മകൾ സുറുമി ഗർഭിണിയായിരുന്നു. പ്രസവ തിയതി അടുത്തിരിക്കുന്ന സമയമായിരുന്നു അത്. സുറുമി അമേരിക്കയിലായിരുന്നു. ഡെലിവറി അവിടെവച്ചായിരുന്നു. മമ്മൂക്കയുടെ ഭാര്യയും അവിടേയ്ക്ക് പോയി. അന്ന് അദ്ദേഹം ആകെ ടെൻഷനിൽ ആയിരുന്നു. ഏതൊരു അച്ഛനെയും പോലെ തന്നെ അദ്ദേഹത്തിനും ഒരു മുത്തച്ഛനാകുന്നതിന്റെ എല്ലാ ടെൻഷനും ഉണ്ടായിരുന്നു. എന്നാൽ, അദ്ദേഹത്തിന് അത് പുറത്ത് പറയാൻ താൽപ്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ എന്നോടും എഴുത്തുകാരൻ റസാഖിനോടും മാത്രമേ അതിനെ കുറിച്ച് പറഞ്ഞിരുന്നുള്ളൂ. മറ്റാരോടും ഇത് പറയരുതെന്ന് ഞങ്ങളോടും മമ്മൂക്ക ചട്ടം കെട്ടി. ആ സമയത്തൊക്കെ താനൊരു മുത്തച്ഛനായെന്ന് ആളുകൾ അറിയുന്നത് പുള്ളിക്ക് താൽപ്പര്യമുണ്ടാകില്ലല്ലോ’- കമൽ പറഞ്ഞു.
മിക്ക രാത്രികളിലും അന്നൊക്കെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. അമേരിക്കയിലെയും ഇവിടെത്തെയും സമയം വ്യത്യാസമുള്ളതുകൊണ്ട് തന്നെ മിക്കവാറും രാത്രികളിൽ അദ്ദേഹം ഫോണിലായിരിക്കും. ഷോട്ടിന് വിളിച്ചു കഴിഞ്ഞാൽ, അസിസ്റ്റന്റ് ഡയറക്ടർമാരുടെ അടുത്ത് മമ്മൂട്ടി ചൂടാകാറുണ്ടെന്നും കമൽ വെളിപ്പെടുത്തി.
Discussion about this post