മലയാളസിനിമയിലെ കിരീടം വയ്ക്കാത്ത രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരുടെയും സിനിമകളുടെ പേര് ചൊല്ലി ആരാധകർ എപ്പോഴും തമ്മിലടിയാണെങ്കിലും ലാലേട്ടനും മമ്മൂക്കയും അടുത്ത സൗഹൃദങ്ങൾ പുലർത്തുന്നയാളുകളാണ്. സൂപ്പർതാരങ്ങളാണെങ്കിലും ലാലേട്ടന്റെ സ്വന്തം ഇച്ചാക്കയാണ് മമ്മൂട്ടി.
ഇരുവരും ഒരുമിച്ച് ആദ്യകാലത്ത് 50 ലധികം സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അതിൽ ഏറെ ആഘോഷിക്കപ്പെട്ട ചിത്രമായിരുന്നു ജോഷി സംവിധാനം ചെയ്ത നമ്പർ 20 മദ്രാസ് മെയിൽ. മമ്മൂട്ടി മമ്മൂട്ടിയായി തന്നെയാണ് ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. അതിഥിവേഷത്തിന് പ്രാധാന്യമുള്ള ചിത്രമായിരുന്നു ഇത്.
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താൽ നന്നായിരിക്കുമെന്ന് മോഹൻലാൽ പറഞ്ഞു. അദ്ദേഹം തന്നെയാണ് മമ്മൂട്ടിയെ ചിത്രത്തിലേക്ക് വിളിച്ചതെന്ന് അസോസിയറ്റ് ഡയറക്ടർ വാസുദേവൻ ഗോവിന്ദൻകുട്ടി പറയുന്നത്.
മമ്മൂട്ടിയുടെ അടുത്തു പോയി താന്‍ കഥ പറഞ്ഞതിനെ കുറിച്ചും വാസുദേവന്‍ ഗോവിന്ദന്‍കുട്ടി പറയുന്നു. ‘ ഞാന്‍ മമ്മൂക്കയോട് കഥ പറഞ്ഞു. താന്‍ മറ്റവന്റെ ആളല്ലേ? അവിടെ കൊണ്ടുപോയി എന്നെ കൊച്ചാക്കാനല്ലേ ? എന്നൊക്കെ മമ്മൂക്ക എന്നോട് ചോദിച്ചു. ഞാന്‍ മോഹന്‍ലാലിന്റെ ആളാണ് എന്നു പറഞ്ഞായിരുന്നു മമ്മൂക്കയുടെ ആ ചോദ്യം. അങ്ങനെയല്ല, നല്ല കഥാപാത്രമാണ് എന്നെല്ലാം ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. ജോഷിയും വിളിച്ച് മമ്മൂക്കയോട് സംസാരിച്ചു. വിളിച്ചുവരുത്തി തരംതാഴ്ത്തി കളയരുത് എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. നല്ല കഥാപാത്രമാണ്, മമ്മൂക്ക ചെയ്യണം എന്നു പറഞ്ഞ് ഒടുവില്‍ ലാലും വിളിച്ചു. തിരക്കഥ വായിച്ച ശേഷമാണ് മമ്മൂക്ക ഓക്കെ പറഞ്ഞത്. സിനിമയുടെ സെറ്റില്‍ മമ്മൂക്കയും ലാലും വളരെ ജോളി ആയിരുന്നുവെന്നും’ വാസുദേവന്‍ പറയുന്നു.
Discussion about this post