ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയുടെ രുചിയറിഞ്ഞ് കളർ സിനിമയോടൊപ്പം വളർന്നയാളാണ് മധു. എഴുപതുകളിൽ മോളിവുഡിൽ നിറഞ്ഞുനിന്ന അതുല്യപ്രതിഭ ഇപ്പോൾ വിശ്രമജീവിതത്തിലാണ്. അച്ഛൻ കഥാപാത്രങ്ങളും താരങ്ങളുടെ കാരണവർ കഥാപാത്രങ്ങളും ചെയ്ത് മടുത്തുവെന്നതുകൊണ്ടാണത്രെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്. എണ്ണമറ്റ സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തെ തേടി നിരവധി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്. നിർമ്മാതാവും സംവിധായകനും സ്റ്റുഡിയോ ഉടമയും വിതരണക്കാരനുമാകുന്ന ആദ്യത്തെ മലയാള നടൻ മധുവാണ്.
ഇന്നും ഓരോ ചോദ്യങ്ങൾക്കും കൃത്യവും വ്യക്തവുമായ മറുപടികളും നിലപാടുകളും വ്യക്തമാക്കാൻ മടിയില്ലാത്ത ആളാണ് അദ്ദേഹം. ഇപ്പോഴിതാ അവസാനമായി കണ്ട സിനിമയെ കുറിച്ചും നടൻ മമ്മൂട്ടിയെ കുറിച്ചും മധു പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. അവസാനമായി കണ്ടത് ടൊവിനോയുടെ സിനിമ അജയന്റെ രണ്ടാം മോഷണമാണെന്നും എന്നാൽ സിനിമ വലുതായി ഇഷ്ടപ്പെട്ടില്ലെന്നുമാണ് താരം പറയുന്നത്.
ഞാൻ ഏറ്റവും ഒടുവിൽ കണ്ട സിനിമ ഏതാണെന്ന് ചോദിച്ചാൽ ഇന്നലെ കണ്ട ഒരു സിനിമയാണ്. ടൊവിനോയുടെ അടിപിടി അക്രമമുള്ള ഒരു സിനിമയുണ്ടല്ലോ… എആർഎം. അതാണ് ഇന്നലെ കണ്ട് നിർത്തിയ സിനിമ.ആ പടം വളരെ ഇഷ്ടപ്പെട്ടില്ല. ഒരുപക്ഷെ ജനറേഷൻ ഗ്യാപ്പ് കൊണ്ടാകും.അതിനകത്ത് ചുമ്മാ അടിപിടിയല്ലേ. അത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയെന്ന് പറഞ്ഞാൽ എങ്ങനെയാണ്… എല്ലാ അടിപിടിയും നമ്മളെ വിഡ്ഢികളാക്കുന്നതല്ലേ… ഒരുത്തന്റെ താടിക്ക് ഒരു തട്ട് കൊടുത്താൽ അവൻ പൊങ്ങിപോയി മൂന്ന് കറക്കം കറങ്ങി താഴെ വീഴും എന്നിട്ട് അവിടെ നിന്ന് എഴുന്നേറ്റ് വന്ന് അടിക്കും. അതൊക്കെ കണ്ട് സ്വയം തൃപ്തിപ്പെടുകയെന്ന് പറഞ്ഞാൽ… അതിന് സാധിക്കില്ല. എആർഎം കാണുമ്പോൾ ആ വിഷമം എനിക്ക് ഉണ്ടായിരുന്നുവെന്ന് മധു പറയുന്നു.
സിനിമകളെ കുറിച്ച് വാചാലനാവുന്ന അദ്ദേഹം മമ്മൂട്ടിയെ കുറിച്ചും സംസാരിച്ചു. മമ്മൂട്ടി വളരെ സീരിയസായ ഒരു ആർട്ടിസ്റ്റാണ്. ജീവിതം തന്നെ വളരെ സീരിയസായി എടുത്തിട്ടുള്ള ആളാണ്. വലിയ ബഹളങ്ങളൊന്നും കാണിച്ചില്ലെങ്കിൽ പോലും ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം മനസിലാക്കി ചെയ്യുന്ന നടനാണ്. മമ്മൂട്ടി അഭിനയം ആസ്വദിച്ചാണ് ചെയ്യുന്നത്. അങ്ങനെയൊരു ആർട്ടിസ്റ്റിനെ നമുക്ക് കിട്ടിയതിൽ അദ്ദേഹത്തേക്കാൾ ഭാഗ്യവാന്മാർ നമ്മളാണ്. ഇതുവരെ മമ്മൂട്ടി അഭിനയിച്ചത് കൊണ്ട് മോശമായെന്ന് പറഞ്ഞ ഒരു കഥാപാത്രം ഉണ്ടായിട്ടുണ്ടോ എന്നാണ് മധു മമ്മൂട്ടിയുടെ അഭിനയത്തെ വിലയിരുത്തി പറഞ്ഞത്.
Discussion about this post