അധികാരമോഹവും അത്യാർത്തിയുമുള്ളവർ രാഷ്ട്രീയത്തിൽ സുലഭമാണെങ്കിലും അത് തുറന്നു പറയുന്നതിൽ മടിയില്ലാത്ത അപൂർവ്വം പേരിൽ ഒരാളാണ് ബിജെപിയിൽ നിന്ന് കോൺഗ്രസിൽ ചാടിയ സന്ദീപ് വാര്യർ. സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചകളിൽ ഇടപെടുന്ന കാലത്ത് തന്നെ സ്വയം സന്ദീപ് വാര്യർ ഫോർ ഒറ്റപ്പാലം എന്ന് ഫേസ്ബുക്ക് പേജ് ഉണ്ടാക്കി വിമർശനം നേരിട്ട വാര്യർ തന്റെ ലക്ഷ്യം അധികാര സ്ഥാനങ്ങളാണെന്ന് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. 2014 ൽ പാലക്കാട് ലോട്ടസ് ക്ലബ് ഉണ്ടായപ്പോൾ അതിലും അംഗമാകുകയും സാമൂഹ്യമാദ്ധ്യമങ്ങൾ വഴി പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. 2014 ൽ ബിജെപി അധികാരത്തിൽ എത്തിയില്ലായിരുന്നെങ്കിൽ അന്നേ മറ്റ് പാർട്ടികളിൽ ചേക്കേറാൻ തയ്യാറായിരുന്നു വാര്യരെന്നാണ് അടുപ്പമുള്ളവർ ഇപ്പോൾ പറയുന്നത്.
നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയതോടെ സാമൂഹ്യമാദ്ധ്യമങ്ങളിൽ വിവിധ വിഷയങ്ങൾ ഉന്നയിച്ച് ശ്രദ്ധേയനായ വാര്യർ പക്ഷേ തനിക്ക് ലഭിച്ച ജില്ല ചുമതലയിൽ അതൃപ്തനായിരുന്നു. 2010 നു മുന്നേ യുവമോർച്ച ഒറ്റപ്പാലം നിയോജകമണ്ഡലം ചുമതലയിലുണ്ടായിരുന്ന വാര്യർ പിന്നീട് പാലക്കാട് ജില്ല യുവമോർച്ച ചുമതലയിലെത്തി. 2014 ൽ ലോട്ടസ് ക്ലബ്ബിന്റെ ഭാഗമായതോടെ ചുമതലകളിൽ നിന്ന് മാറ്റി നിർത്തപ്പെട്ടു. പിന്നീട് 2016 ൽ ബിജെപിയുടെ നിയോജക മണ്ഡലം ചുമതലയിലേക്ക് വന്ന വാര്യർ സാമൂഹ്യ മാദ്ധ്യമങ്ങളിലെ ഇടപെടലും ചാനൽ ചർച്ചകളിൽ കിട്ടിയ മുൻതൂക്കവും ഉപയോഗിച്ച് 2018 ൽ യുവമോർച്ചയുടെ സംസ്ഥാന സെക്രട്ടറിയും തുടർന്ന് ബിജെപി സംസ്ഥാന വക്താവുമായി മാറുകയായിരുന്നു.
2016 ൽ നിയോജക മണ്ഡലം ചുമതലകളിൽ ഇരിക്കെ തനിക്ക് ഒരു സംസ്ഥാന ചുമതല തരപ്പെടുത്തി തരുമോ എന്ന അന്വേഷണവുമായി സന്ദീപ് തന്റെ സുഹൃത്തുക്കളെ ബന്ധപ്പെട്ടിരുന്നു . ചാനൽ ചർച്ചകളിലെ മികവും ഇതിനോടകം സോഷ്യൽ മീഡിയ വഴി ഉണ്ടാക്കിയെടുത്ത പിന്തുണയും വഴിയാണ് സംസ്ഥാന സെക്രട്ടറി ചുമതലയിലേക്ക് സന്ദീപ് എത്തിയത്. തുടർന്ന് പാർട്ടിക്ക് വേണ്ടി സംസാരിക്കുന്നതിനൊപ്പം തന്നെ മറ്റ് പാർട്ടികളിൽ വ്യക്തിബന്ധങ്ങൾ ഉണ്ടാക്കുന്നതിലും പ്രത്യേകം ശ്രദ്ധ വെച്ച സന്ദീപ് ഭാവി ശോഭനമാക്കാനുള്ള ശ്രമങ്ങൾക്ക് അന്നേ തുടക്കമിട്ടിരുന്നു.
വ്യക്തിപരമായ ബന്ധങ്ങളിലെ ദുരൂഹതയും മറ്റ് വഴിവിട്ട ബന്ധങ്ങൾ കാരണമുണ്ടായ അസ്വാരസ്യങ്ങളും അതിനെ തുടർന്നുണ്ടായ പരാതികളും കാരണമാണ് സംസ്ഥാന വക്താവ് ചുമതലയിൽ നിന്ന് സന്ദീപ് മാറ്റിനിർത്തപ്പെട്ടത്. ദേശീയ നേതൃത്വം ഇടപെട്ടായിരുന്നു സന്ദീപിനെ മാറ്റി നിർത്തിയത്. എന്നാൽ ഇത് സംസ്ഥാന നേതൃത്വം തന്നെ ഒതുക്കാൻ ശ്രമിച്ചതിന്റെ ബാക്കിപത്രമാണെന്ന് ഒളിഞ്ഞും തെളിഞ്ഞും അനുയായികളോട് പറയാനും പ്രചരിപ്പിക്കാനും സന്ദീപ് ശ്രമിക്കുകയും ചെയ്തു. ഡൽഹിയിൽ പോകുമ്പോൾ ഒരു എസ്ഡിപിഐ അനുകൂലിയുടെ ഹോട്ടലിൽ താമസമാക്കിയതും സിനിമ മേഖലയിൽ ഉണ്ടാക്കിയെടുത്ത ദുരൂഹമായ ബന്ധങ്ങളും സന്ദീപിനെ ദേശീയ നേതൃത്വത്തിന്റെ നോട്ടപ്പുള്ളിയാക്കി.
ലോക്സഭ തിരഞ്ഞെടുപ്പിൽ ഷാഫി വടകരയിലേക്ക് പോയി വിജയിച്ചതോടെ പാലക്കാട് സീറ്റിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി. സ്ഥാനാർത്ഥിത്വം ലഭിക്കാനായി പല രീതിയിൽ ചരടു വലിച്ചെങ്കിലും പാർട്ടി പരിചയ സമ്പന്നനായ സി കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. പാലക്കാട് സീറ്റ് കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യണമെന്ന ബോദ്ധ്യം നേരത്തെ തന്നെ സന്ദീപിനുണ്ടായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. രണ്ടുമാസം മുൻപ് തന്നെ കോൺഗ്രസുമായുള്ള ചർച്ചകൾ സന്ദീപ് ആരംഭിച്ചിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് തന്നെ പുറത്തുവരണമെന്നും എന്നാൽ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും കോൺഗ്രസ് വ്യക്തമാക്കിയതോടെയാണ് സന്ദീപിന്റെ പാർട്ടി വിരുദ്ധ പ്രസ്താവനകളും സ്ഥാനാർത്ഥിക്കെതിരെയുള്ള ആരോപണങ്ങളും പുറത്തുവന്നത്.
പാർട്ടി പുറത്താക്കിയാൽ സാമൂഹ്യ മാദ്ധ്യമങ്ങളിലെ പിന്തുണയും ചർച്ചകളിലൂടെ ആർജ്ജിച്ച ജന സമ്മതിയും കൊണ്ട് പാർട്ടിയെ പ്രതിരോധത്തിൽ ആക്കാനും തുടർന്ന് സഹതാപം പിടിച്ച് പറ്റി കോൺഗ്രസിൽ ചേക്കേറാനുമായിരുന്നു സന്ദീപിന്റെ ഉദ്ദേശ്യം. എന്നാൽ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ അച്ചടക്ക നടപടി വേണ്ട എന്നായിരുന്നു പാർട്ടി തീരുമാനം. ഇതോടെ പാർട്ടിയിൽ നിന്ന് പുറത്തുപോവുക എന്നതല്ലാതെ സന്ദീപിന് വേറെ വഴിയില്ലാതായി. തുടർന്നായിരുന്നു നാടകീയമായ കോൺഗ്രസ് പ്രവേശനം.
ബിജെപിയെ സംബന്ധിച്ചിടത്തോളം ശക്തമായ സംഘടന സംവിധാനവും ജന പിന്തുണയുമുള്ള മണ്ഡലമാണ് പാലക്കാട്. സന്ദീപ് വാര്യർ പ്രവർത്തനം തുടങ്ങുന്നതിനു മുൻപ് തന്നെ അതങ്ങനെയായിരുന്നു. പാലക്കാട് ബിജെപി ശക്തമായതിന് പിന്നിൽ സന്ദീപ് വാര്യരുടെ പ്രത്യേക സംഭാവനയൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പാലക്കാട് പാർട്ടിയെ ഇത് ബാധിക്കുകയുമില്ല എന്നാണ് ബിജെപി വ്യക്തമാക്കുന്നത്.
കോൺഗ്രസിന്റെ വൻ വരവേൽപ്പിനൊപ്പം നരേന്ദ്രമോദിക്കും ഹിന്ദുത്വത്തിനും ബിജെപിക്കും എതിരേയുള്ള സന്ദീപിന്റെ ആക്രമണവും എന്തായാലും സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ചാനൽ ചർച്ചകളിലൂടെയും സാമൂഹ്യ മാദ്ധ്യമങ്ങളിലെ പോസ്റ്റുകളിലൂടെയുമുള്ള വളർച്ചയായതിനാൽ ശക്തമായ പ്രതികരണമാണ് സന്ദീപിന് സാമൂഹ്യമാദ്ധ്യമങ്ങളിൽ ലഭിക്കുന്നത്. നേരത്തെ ഇട്ട ഓരോ പോസ്റ്റുകളിലും ഇപ്പോൾ കമന്റിടുകയാണ് ബിജെപി പ്രവർത്തകരും സന്ദീപിനെ വിശ്വസിച്ച് കൂടെ നിന്നവരും. ആദ്യപ്രസ്താവനക്ക് ശേഷവും ചിലരെങ്കിലും സന്ദീപിനെ പിന്തുണച്ചിരുന്നു. ബിജെപി നേതൃത്വത്തെ കുറ്റം പറഞ്ഞ് സന്ദീപിനെ പിന്തുണച്ചവരെല്ലാം സന്ദീപിന്റെ കോൺഗ്രസ് പ്രവേശത്തോടെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. പാണക്കാട്ടേക്കുള്ള യാത്രയും കൂടിയായതോടെ പുറത്താകൽ പൂർണമായി. എസ്.ഡി.പി.ഐ പിന്തുണയുള്ള കോൺഗ്രസുമായി സഹകരിക്കുന്ന സന്ദീപ് തങ്ങളെ സംബന്ധിച്ചിടത്തോളം മരിച്ചുവെന്ന നിലപാടിലാണ് നാട്ടിലെ സുഹൃത്തുക്കൾ പോലുമെന്നാണ് വാർത്തകൾ.
നിരവധി ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളുമുള്ള കോൺഗ്രസിൽ തന്റെ സ്വതസിദ്ധമായ പ്രവർത്തനം കൊണ്ട് മുന്നോട്ട് പോകാമെന്ന കണക്കുകൂട്ടലാണ് സന്ദീപിനുള്ളത്. കോൺഗ്രസിന് ചേരുന്ന പ്രവർത്തന ശൈലിയാണ് പ്രധാന കൈമുതൽ. അതുകൊണ്ട് തന്നെ കോൺഗ്രസിലെ ഗ്രൂപ്പ് നേതാക്കൾ കൂടുതൽ ജാഗ്രതയോടെയായിരിക്കും ഈ നവ കോൺഗ്രസുകാരനെ പരിഗണിക്കുക. ഇരുട്ടി വെളുക്കുന്നതിനു മുൻപ് എല്ലാം മാറ്റിപ്പറയുന്നവൻ അത്ര വിശ്വസിക്കാനാകുന്നവനല്ലെന്ന തോന്നൽ കോൺഗ്രസിലുമുണ്ട് . വിഡി സതീശനും കെ സുധാകരനും ആശംസകൾ നേർന്ന ബിജെപി അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പരോക്ഷമായി സൂചിപ്പിക്കുന്നതും അതുതന്നെയാണ്.
Discussion about this post