ബീജിംഗ്: ലോകത്തിലെ ഏറ്റവും വലിയ സ്വർണ നിക്ഷേപം ചൈനയിൽ കണ്ടെത്തി. 1000 മെട്രിക് ടൺ സ്വർണ അയിരുകളുടെ നിക്ഷേപം സെൻട്രൽ ചൈനയിൽ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിപണിയിൽ ഏകദേശം ഏഴ്‌ലക്ഷം കോടി രൂപ വിലമതിക്കുന്നതാണ് ഇപ്പോൾ കണ്ടെത്തിയ സ്വർണനിക്ഷേപം. ചൈനയുടെ വടക്കുകിഴക്കൻ ഭാഗമായ പിംഗ്ജിയാഗ് കൗണ്ടിയൽ ഹുനാൻ പ്രവിശ്യയിലെ ജിയോളജിക്കൽ ബ്യൂറോയാണ് നിക്ഷേപം കണ്ടെത്തിയതായി സ്ഥിരീകരിച്ചിരിക്കുന്നത്.
പ്രാഥമിക പരിശോധനയിൽ മാത്രം രണ്ട് കിലോമീറ്റർ ആഴത്തിൽ 40 ഗോൾഡ് വെയിനുകൾ കണ്ടെത്തി. 300 മെട്രിക് സ്വർണം ഇവിടെ നിന്ന് മാത്രം കണ്ടെത്തിയിട്ടുണ്ട്. ഒന്ന് ആഞ്ഞുപരിശ്രമിച്ച് അത്യാധുനിക സംവിധാനങ്ങളോടെ പ്രദേശത്ത് ഖനനം ചെയ്യുകയാണെങ്കിൽ സ്വപ്‌നം കണ്ടതിനുമപ്പുറം സ്വർമശേഖരം ഇവിടെ നിന്ന് കുഴിച്ചെടുക്കാൻ സാധിക്കും. പുതിയ നിധിശേഖരം ചൈനയുടെ സാമ്പത്തികശേഷിയെ കുത്തനെ ഉയർത്തും.
പ്രദേശത്തെ പാറകൾ തുരന്നപ്പോൾ പോലും സ്വർണനിക്ഷേപം കണ്ടെത്താനായത് വലിയ പ്രതീക്ഷ ഉണ്ടാക്കുന്നതാണ്. 2000 മീറ്റർ പരിധിയിലുള്ള ഒരു ടൺ അയിരിൽ 128 ഗ്രാം സ്വർണമാണ് പ്രദേശത്ത് അടങ്ങിയിരിക്കുന്നത്.2023ലെ കണക്കനുസരിച്ച് ലോകത്തിലെ സ്വർണത്തിന്റെ പത്തിലൊന്ന് ചൈനയാണ് ഉത്പാദിപ്പിച്ചത്.പുതിയ തലമുറ ബാറ്ററികളും ഇലക്ട്രോണിക്സും നിർമ്മിക്കാൻ സ്വർണം വൻ തോതിൽ ഉപയോഗിക്കാൻ ആരംഭിച്ചതോടെ ആഗോളതലത്തിൽ ലോഹത്തിന്റെ വിലയും ആവശ്യകതയും കുത്തനെ ഉയർന്നിട്ടുണ്ട്.
Discussion about this post