മുംബൈ : ” എന്റെ തീരത്തെ വെള്ളം ഇറങ്ങുന്നത് കണ്ട് അവിടെ വീട് വയ്ക്കാൻ ശ്രമിക്കരുത്, ഞാൻ സമുദ്രമാണ്, തീർച്ചയായും തിരിച്ചു വരും” ഉദ്ധവ് താക്കറെയുടെ ചതിയിലൂടെ മഹാരാഷ്ട്രയിലെ എൻഡിഎ സർക്കാർ താഴെ വീണ് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പടിയിറങ്ങുമ്പോൾ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞ വാക്കുകളാണിത്. ആ വാക്കുകളെ നെഞ്ചേറ്റ് സ്വീകരിച്ച മഹാരാഷ്ട്ര ജനത അടുത്ത തിരഞ്ഞെടുപ്പിൽ വൻ ജനപിന്തുണയോടെ വീണ്ടും അദ്ദേഹത്തിന്റെ പാർട്ടിയെ അധികാരത്തിൽ എത്തിച്ചിരിക്കുകയാണ്.
അങ്ങിനെ ദേവേന്ദ്ര ഫഡ്‌നാവിസ് വീണ്ടും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി അധികാരത്തിലേറുന്നു. ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് മുഖ്യമന്ത്രിയായി അദ്ദേഹത്തിൻ്റെ പേര് പ്രഖ്യാപിച്ചത്. നാഗ്പൂരിന്റെ പുത്രൻ എന്നറിയപ്പെടുന്ന ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാമത്തെ തവണയാണ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുന്നത്.
രണ്ടാം ഫഡ്നാവിസ് സർക്കാർ ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ കൂറുമാറ്റത്തിലൂടെ താഴെ വീണെങ്കിലും കാലം കാത്തുവെച്ച കാവ്യനീതി പോലെ വൻ ജനപിന്തുണയോടെ ദേവേന്ദ്ര ഫഡ്‌നാവിസ് വീണ്ടും മഹാരാഷ്ട്രയുടെ ഭരണത്തേരിലേറുകയാണ്. തന്റെ 22 വയസ്സ് മുതൽ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയാണ് ഫഡ്‌നാവിസ്. വിദ്യാഭ്യാസകാലത്ത് എബിവിപിയിലൂടെ ആയിരുന്നു അദ്ദേഹം രാഷ്ട്രീയ രംഗത്ത് തുടക്കം കുറിച്ചത്. 22-ാം വയസ്സിൽ നാഗ്പൂർ കോർപ്പറേഷൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. 27 വയസ്സിൽ നാഗ്പൂരിന്റെ മേയർ പദവിയിലേക്കും അദ്ദേഹം എത്തി. 2014ൽ മഹാരാഷ്ട്രയുടെ 18-ാം മുഖ്യമന്ത്രിയായിക്കൊണ്ട് ഫഡ്‌നാവിസ് രാജ്യത്തിന്റെ ആകെ ശ്രദ്ധ കവർന്നു.
ആദ്യം മുഖ്യമന്ത്രിയായ കാലഘട്ടത്തിൽ തന്നെ മഹാരാഷ്ട്രയിൽ ചരിത്രം കുറിക്കാൻ ഫഡ്‌നാവിസിന് കഴിഞ്ഞു. 1972-ൽ വസന്തറാവു നായിക്കിന് ശേഷം തൻ്റെ മുഴുവൻ കാലാവധി പൂർത്തിയാക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. വർഷങ്ങളായി മഹാരാഷ്ട്ര ബിജെപിയുടെ ഏറ്റവും ശക്തമായ മുഖം കൂടിയാണ് ഫഡ്‌നാവിസ്. 1970 ജൂലൈ 22ന് ഗംഗാധരറാവുവിന്റെയും സരിതയുടെയും മകനായാണ് ഫഡ്‌നാവിസിന്റെ ജനനം. നിയമത്തിൽ ബിരുദം നേടിയ അദ്ദേഹം 1998-ൽ ജർമ്മനിയിലെ ഡാലെം സ്കൂൾ ഓഫ് എഡ്യൂക്കേഷനിൽ നിന്ന് ബിസിനസ് മാനേജ്‌മെൻ്റ്, പ്രോജക്ട് മാനേജ്‌മെൻ്റ് എന്നിവയിൽ ഡിപ്ലോമ പൂർത്തിയാക്കി. 2006 ൽ അമൃത ഫഡ്‌നാവിസിനെ വിവാഹം കഴിച്ചു. ഇരുവർക്കും ഒരു മകളുണ്ട്.
രാഷ്ട്രീയ സ്വയംസേവക് സംഘിൽ നിന്നും ആരംഭിച്ച ഫഡ്നാവിസിൻ്റെ രാഷ്ട്രീയ യാത്ര 1990-കളിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെ ബിജെപിയിലേക്ക് എത്തുകയായിരുന്നു. 1992-ൽ നാഗ്പൂരിലെ രാം നഗർ വാർഡിൽ നിന്ന് തൻ്റെ ആദ്യ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും 22-ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായി മാറുകയും ചെയ്തു. 1997-ൽ ഫഡ്‌നാവിസ് നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ്റെ ഏറ്റവും പ്രായം കുറഞ്ഞ മേയറും ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും ആയി മാറിക്കൊണ്ടും പുതിയ ചരിത്രം സൃഷ്ടിച്ചിരുന്നു. 2001ൽ ഫഡ്‌നാവിസ് ഭാരതീയ ജനതാ യുവമോർച്ചയുടെ (ബിജെവൈഎം) ദേശീയ വൈസ് പ്രസിഡൻ്റായി നിയമിതനായി. 2010ൽ ബിജെപിയുടെ മഹാരാഷ്ട്ര യൂണിറ്റിൻ്റെ ജനറൽ സെക്രട്ടറിയായും 2013ൽ സംസ്ഥാന ഘടകത്തിൻ്റെ പ്രസിഡൻ്റായും തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ മൂന്നാം തവണയും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു കൊണ്ട് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതത്തിലെ ജൈത്രയാത്ര തുടരുകയാണ്.
Discussion about this post