ജനനവും മരണവും പോലെ ജീവിതത്തിൽ അനിവാര്യമായ ഒന്നാണ് വാർദ്ധക്യവും. ബാല്യം,കൗമാരം യൗവനം വാർദ്ധക്യം എന്നിങ്ങനെ മനോഹരമായ അവസ്ഥകളിലൂടെ കടന്ന് പോയാൽ മാത്രമേ മനുഷ്യജീവിതം പൂർണമാകൂ. എന്തൊക്കെ പറഞ്ഞാലും പലർക്കും വാർദ്ധക്യം ദു:ഖവും ദുരവസ്ഥയുമാണ്. അസുഖങ്ങൾ,ക്ഷീണം,തളർച്ച,വയ്യായ്കകൾ,എന്നിങ്ങനെ വാർദ്ധക്യകാലത്ത് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ് അതിനൊപ്പം ഒറ്റപ്പെടൽ കൂടെയാകുമ്പോൾ അവസ്ഥ കൂടുതൽ പരിതാപകരമായി.
വാർദ്ധക്യകാലത്ത് ഏറ്റവും കൂടുതൽ അലട്ടുന്ന ഓർമ്മക്കുറവിന് ഇപ്പോഴിതാ ഒരു കുഞ്ഞു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. പതിവ് വ്യായാമം ഓർമ്മക്കുറവിന്റെയും വൈജ്ഞാനിക തകർച്ചയുടേയും തോത് കുറയ്ക്കാൻ സഹായിക്കും അത്രേ. ദിവസവും രാവിലെ 30 മിനിറ്റ് വ്യായാമം അല്ലെങ്കിൽ വേഗത്തിലുള്ള നടത്തവും രാത്രി കുറഞ്ഞത് ആറ് മണിക്കൂർ ഉറങ്ങുന്നതും അടുത്ത ദിവസം വൈജ്ഞാനിക പ്രകടനം മികച്ചതാക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാകുന്നത്. ഇന്റർനാഷണൽ ജേണൽ ഓഫ് ബിഹേവിയറൽ ന്യൂട്രീഷൻ ആന്റ് ഫിസിക്കൽ ആക്ടിവിറ്റിയിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വൈജ്ഞാനിക വൈകല്യമോ ഡിമെൻഷ്യയോ അനുഭവിക്കാത്ത 50 നും 83നും ഇടയിൽ പ്രായമായ 76 പേരാണ് പഠനത്തിന്റെ ഭാഗമായത്. അവരുടെ ദൈനംദിന ശാരീരിക പ്രവർത്തനങ്ങളും ഉറക്കവും ട്രാക്ക് ചെയ്യുന്നതിന് എട്ട് ദിവസം ആക്സിലറോമീറ്റർ ധരിക്കാൻ നിർദേശിച്ചു. വേഗത, ഓർമശക്തി, ശ്രദ്ധ എന്നിവ പരിശോധിക്കുന്നതിന് ലളിതമായ ഓൺലൈൻ കോഗ്‌നിറ്റീവ് ടെസ്റ്റുകളും ദിവസവും നടത്തിയിരുന്നു.
പ്രായമാകുമ്പോൾ മനുഷ്യന്റെ തലച്ചോറിനെ എങ്ങനെ സംരക്ഷിക്കാം എന്നതിനെ കുറിച്ചായിരുന്നു പഠനം. ശാരീരിക പ്രവർത്തനങ്ങൾ തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുന്നതിനും ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉത്തേജനത്തിനും കാരണമാകുമെന്ന് മുൻ പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ ശാരീരിക പ്രവർത്തനങ്ങൾ തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുക മാത്രമല്ല, മറിച്ച് അവയുടെ ആഘാതം പ്രതീക്ഷിച്ചതിലും ദീർഘനേരം നീണ്ടുനിൽക്കുമെന്നും പഠനത്തിൽ കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു.
ശാരീരിക പ്രവർത്തനം ഓരോ 30 മിനിറ്റ് വർദ്ധിക്കുമ്പോഴും അടുത്ത ദിവസം വർക്കിങ്, എപ്പിസോഡിക് മെമ്മറി സ്‌കോറുകളിൽ രണ്ടു മുതൽ അഞ്ച് ശതമാനം വരെ വർദ്ധനവ് കണ്ടെത്തിയതായി ഗവേഷകർ പറഞ്ഞു
Discussion about this post